
ആലപ്പുഴ: മുൻ കേരള രഞ്ജി താരവും അണ്ടർ 19 ഇന്ത്യൻ ടീമംഗവും ആയിരുന്ന പഴവീട് ഗൗരീശങ്കരത്തിൽ എം.സുരേഷ് കുമാർ ( 48) അന്തരിച്ചു. ഇന്നലെ വൈകിട്ട് 6.30ന് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഫ് സ്പിന്നർ ആയി കരിയർ തുടങ്ങിയ സുരേഷ് കുമാർ ആൾ റൗണ്ടർ എന്നനിലയിലും മികവ് തെളിയിച്ചിട്ടുണ്ട്.
ഉമ്പ്രി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിരമിച്ച ശേഷം റെയിൽവേയിൽ ജോലിയിൽ പ്രവേശിച്ചു. നിലവിൽ ടി.ടി.ഇയായി പ്രവർത്തിച്ചു വരികയായിരുന്നു.
മികച്ച ഇടങ്കൈയ്യൻ സ്പിന്നർ എന്ന് പേരെടുത്ത സുരേഷ് കുമാർ കേരളത്തിനായി ഒട്ടേറെ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. 1990-ൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ ഇന്ത്യൻ അണ്ടർ-19 ടീമിൽ കളിച്ചു. സ്റ്റീഫൻ ഫ്ളെമിങ്ങും ഡിയോൺ നാഷും ഉൾപ്പെട്ട കിവീസ് യുവനിരയ്ക്കെതിരേ യൂത്ത് ടെസ്റ്റും ഏകദിന പരമ്പരയും കളിച്ചിട്ടുണ്ട്. 72 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി ഒരു സെഞ്ച്വറിയടക്കം 1657 റൺസും 196 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏഴ് അർദ്ധ സെഞ്ചുറികളും 12 തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 51 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 433 റൺസും 52 വിക്കറ്റുകളും സ്വന്തമാക്കി. 1994-95 രഞ്ജി സീസണിൽ തമിഴ്നാടിനെ ആദ്യമായി കീഴടക്കിയ കേരള ടീമിലെ പ്രധാന താരമായിരുന്നു സുരേഷ്. ആലപ്പുഴ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് കൊവിഡ് ടെസ്റ്റ് ചെയ്യും. തുടർന്ന് പോസ്റ്റ്മോർട്ടം നടത്തും. അച്ഛൻ: മണി മോഹൻ നായർ. അമ്മ: സുഭദ്ര. ഭാര്യ: മഞ്ജു. മകൻ: അതുൽ കൃഷ്ണ.
വൻമതിൽ ഇളക്കിയ ഉമ്പ്രി
ഇന്ത്യൻ ദേശീയ ടീം ജേഴ്സി ഏറെ അർഹിച്ചിരുന്ന താരമായാരുന്നു സുരേഷ് കുമാറെന്ന ഉമ്പ്രി. ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ രാഹുൽ ദ്രാവിഡിനെ ജൂനിയർ തലത്തഇൽ ഏറെ കുഴക്കിയ ബൗളറാണ് സുരേഷ് കുമാർ. 1987ൽ അണ്ടർ 15 തലത്തിലാണ് ഉമ്പ്രി ആദ്യമായി കേരളത്തെ പ്രതിനിധീകരിക്കുന്നത്. കർണാടകയ്ക്കെതിരെ ആയിരുന്നു ആദ്യമത്സരം. അന്ന് സുരേഷിന് ലഭിച്ച ആദ്യ വിക്കറ്ര് രാഹുൽ ദ്രാവിഡിന്റേതായിരുന്നു. പിന്നീട് അണ്ടർ17,19, 21 തലങ്ങളിലെല്ലാം ദ്രാവിഡിന്റെ വിക്കറ്റ് ഉമ്പ്രി നേടി. ഉമ്പ്രി കരിയറിൽ ഏറ്രവും തവണ പുറത്താക്കിയിരിക്കുന്നതും ദ്രാവിഡിനെയാണ്. 1990ൽ അണ്ടർ പത്തൊമ്പത് ഇന്ത്യൻ ടീമിൽ ഇടം നേടിയ സുരേഷിന് നായകനായ ദ്രാവിഡിന്റെ നിർബന്ധത്തിലാണ് അവസാന പതിനൊന്നിൽ ഇടം നേടിയത്. ഒമ്പത് വിക്കറ്റെടുത്ത് ദ്രാവിഡിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഉമ്പ്രി തെളിയിച്ചു. മെൽബണിൽ ബ്രാഡ്മാൻ സ്‌പീച്ചിൽ ക്രിക്കറ്റിന് ഭാഷയില്ലെന്ന് ദ്രാവിഡ് പറഞ്ഞത് സുരേഷ് കുമാറിനെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു. കിവീസിനെതിരായ മത്സരത്തിൽ ഹിന്ദിക്കാരനായ ധർമ്മേന്ദ്ര മിശ്രയും മലയാളം മാത്രമറിയാവുന്ന സുരേഷ് കുമാറും തമ്മിലുള്ള സെഞ്ച്വറി കൂട്ടുകെട്ടാണ് ദ്രാവിഡ് ചൂണ്ടിക്കാട്ടിയത്.