
ഫോൺ,കമ്പ്യൂട്ടർ അറ്റകുറ്റപ്പണിക്ക് ചെലവേറും
ആലപ്പുഴ : വിപണിയിൽ ചൈനീസ് ഉത്പന്നങ്ങൾ കിട്ടാതായതോടെ പ്രതിസന്ധിയിലായത് മൊബൈൽ ഫോൺ,കമ്പ്യൂട്ടർ ടെക്നീഷ്യൻമാർ. കൊവിഡ് കാലത്ത് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റുവരവ് ഉണ്ടായത് മൊബൈൽ ഫോൺ, കമ്പ്യൂട്ടർ വിപണിയിലാണ്. വിദ്യാഭ്യാസം ഒാൺലൈനിലായതാണ് ഇവർക്ക് തുണയായത്.
എന്നാൽ, വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങളേക്കാൾ ആളുകൾക്ക് കൂടുതൽ താത്പര്യം വില കുറഞ്ഞ ചൈനീസ് ഉത്പന്നങ്ങളോടായിരുന്നു.സ്റ്റോറേജ് കൂടിയ സ്മാർട്ട് ഫോണുകൾ 5000 രൂപയ്ക്ക് ലഭ്യമായിരുന്നു. എന്നാൽ, ഇപ്പോൾ ചൈനീസ് സാധനങ്ങൾ കിട്ടാനില്ലാത്ത സ്ഥിതിയാണ്. ഫോൺ,കമ്പ്യൂട്ടർ എന്നിവ എത്തിയില്ലെങ്കിലും ഇവയുടെ അക്സസറീസ് എങ്കിലും എത്തിയാൽ മതിയെന്നാണ് വ്യാപാരികൾ പറയുന്നത്.
കേടായ മൊബൈൽ ഫോൺ,കമ്പ്യൂട്ടർ എന്നിവ നന്നാക്കാൻ വരുന്നവർക്ക് കുറഞ്ഞ നിരക്കിൽ ചെയ്തു കിട്ടുന്നതിനോടാണ് താത്പര്യം. ഇത് കാരണം ടെക്നീഷ്യൻമാർ ചൈനീസ് അക്സസറീസ് ആയിരുന്നു കൂടുതലായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇവ കിട്ടായാതോടെ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കാൻ കഴിയാത്ത നിലയിലാണ് പലരും. ചെനീസ് ഉത്പന്നങ്ങൾക്ക് സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് കാരണം. ജില്ലയിലേക്ക് ചൈനീസ് ഉത്പന്നങ്ങൾ എത്തിക്കുന്നത് തിരുപ്പൂരിൽ നിന്നാണ്. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് വില കൂടിയതും വ്യാപാരികൾക്ക് തിരച്ചടിയായി. എല്ലാ അക്സസറീസിനും 1.8 ശതമാനം വിലവർദ്ധനവാണുണ്ടായത് . ജി.എസ്.ടി നിരക്ക് വർദ്ധിപ്പിച്ചതാണ് വിലക്കയറ്റത്തിന് കാരണം.
ബ്രാൻഡഡ് വേണ്ട
ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും സാധാരണക്കാർക്ക് കൂടുതൽ താത്പര്യം വില കുറഞ്ഞവയോടാണ്. ബാറ്ററികൾ,ചാർജർ,പൗച്ചുകൾ,ഹെഡ് ഫോൺ,സ്ക്രീൻ കാർഡ് എന്നിവ വാങ്ങുന്നവർ വിലക്കുറവിനായി ചൈനീസ് ഉത്പന്നങ്ങളെയാണ് ആശ്രയിച്ചിരുന്നത്.
വില രൂപയിൽ (ബ്രാൻഡഡ്,ചൈനീസ്)
ഹെഡ് ഫോൺ: 350-150.
ചാർജർ: 500-289
ബാറ്ററി: 600-200
സ്ക്രീൻ കാർഡ് :150-120
പൗച്ച് : 300-150
താഴെ വീഴല്ലേ
മൊബൈൽ ഫോൺ താഴെ വീണ് ഡിസ്‌പ്ലേ പൊട്ടിയാൽ മുമ്പ് കുറഞ്ഞ ചിലവിൽ ടെക്നീഷ്യൻമാർ മാറ്റിനൽകിയിരുന്നു. എന്നാൽ, ലോക്ക് ഡൗണിന് ശേഷം വിലകുറഞ്ഞ അക്സസറീസിന്റെ സ്റ്റോക്ക് ഇല്ലാതായതോടെ കമ്പനി ഉത്പന്നങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഇതോടെ ഡിസ്പ്‌ളേ മാറണമെങ്കിൽ ചെലവുംകൂടി. 2000 രൂപ മുടക്കിയിരുന്നിടത്ത് ഇപ്പോൾ കമ്പനി സാധനങ്ങൾക്ക് ആറായിരം രൂപ നൽകണം. ലാപ്ടോപ് ബാറ്ററികളിലാണ് പ്രശ്നം കൂടുതൽ. ഒരു മാസം മുമ്പ് നന്നാക്കാൻ മേടിച്ചുവച്ച ലാപ്ടോപ്പുകൾ ഇപ്പോഴും പണിപ്പുരയിലാണ്. ബാറ്ററി ലഭ്യമാകാത്തത് കാരണം.
'' ലോക്ക് ഡൗണിന് മുമ്പ് ചൈനീസ് ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഒരു സാമഗ്രികളും വരുന്നില്ല
(സുൽഫി,മൊബൈൽ ടെക്നീഷ്യൻ)