
ആലപ്പുഴ : കൊവിഡിൽ കാലിടറിയ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് നടപ്പാക്കാൻ വൈകുന്നത് ആലപ്പുഴയിലെ ഹൗസ്ബോട്ട് മേഖലയ്ക്ക് തിരിച്ചടിയാകുന്നു. സർക്കാർ പ്രഖ്യാപിച്ച 149കോടി രൂപയുടെ പാക്കേജ് അർഹരുടെ കൈകളിൽ എത്താനുള്ള ശ്രമം ഇനിയും ഊർജിതമായിട്ടില്ല. കൊവിഡിനെത്തുടർന്ന് ടൂറിസം മേഖല നിശ്ചലമായപ്പോൾ ഹൗസ്ബോട്ട് ഉടമകളും ആയിരക്കണക്കിന് തൊഴിലാളികളും ദുരിതത്തിലായി.
കൊവിഡ് മാനദണ്ഡങ്ങൾക്കു വിധേയമായി ടൂറിസം മേഖല പ്രവർത്തിപ്പിക്കുന്നതിനും പ്രചാരണപ്രവർത്തനങ്ങൾ നടത്തുന്നതിനും സർക്കാർ തയ്യാറാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പ്രത്യേക നികുതിയിളവുകൾ നൽകി ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കുന്നതിന് ആവശ്യമായ നടപടികളും വേണം. ടൂറിസം വകുപ്പാണ് സാമ്പത്തിക സഹായത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. ഇതിനുള്ള പോർട്ടൽ പോലും കൃത്യസമയത്ത് തയ്യാറാക്കിയില്ല. സബ്സിഡിയോടെയുള്ള വായ്പയും അറ്റകുറ്റപ്പണിക്കുള്ള ഗ്രാന്റുമായി ഹൗസ് ബോട്ട് ഉടമകൾക്ക് സഹായം നൽകാനാണ് നിർദേശം.
കഴിഞ്ഞ ദിവസം അപേക്ഷകൾ സ്വീകരിച്ചെങ്കിലും അതിൽ തുടർനടപടികൾ ആരംഭിച്ചിട്ടില്ല. വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി കഴിഞ്ഞ ആഗസ്റ്റ് 31ന് അവസാനിച്ചതോടെ പല ഉടമകളും ജപ്തി ഭീഷണിയിലാണ്. രണ്ട് കിടക്കകളുള്ള ഒരു പുതിയ ബോട്ട് ഇറക്കണമെങ്കിൽ കുറഞ്ഞത് അരക്കോടി രൂപ വേണ്ടി വരും. ഇതിന്റെ അറുപത് ശതമാനവും ബാങ്കുകളിൽ നിന്നോ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ വായ്പയെടുക്കുകയാണ് പതിവ്. ഇങ്ങനെ വായ്പയെടുത്തവരാണ് ഇപ്പോൾ കടക്കെണിയിലായത്.
ജില്ലയിൽ ഹൗസ് ബോട്ടുകൾ : 1200
തൊഴിലാളികൾ : 10,000
ലൈസൻസ് കടമ്പയാകും
തുറമുഖ വകുപ്പ് നൽകിയ ലൈസൻസും സർവേ സർട്ടിഫിക്കറ്റും ഉള്ള ഹൗസ് ബോട്ടുകളുടെ ഉടമകളുടെ അപേക്ഷ മാത്രമേ ആനുകൂല്യത്തിന് പരിഗണിക്കാവൂ എന്നാണ് ടൂറിസം വകുപ്പിന്റെ നിർദേശം. 1200 ഹൗസ് ബോട്ടുകളിൽ 800ബോട്ടുകൾക്ക് മാത്രമേ പോർട്ടിന്റെ ലൈസൻസ് ഉള്ളൂ. നിബന്ധനകൾ പാലിക്കാൻ കഴിയാത്തതിനാൽ മറ്റുള്ളവർക്ക് ലൈസൻസ് എടുക്കാൻ കഴിഞ്ഞിട്ടില്ല. ലൈസൻസ് ഉണ്ടായിരുന്ന ഹൗസ് ബോട്ടുകൾ കൊവിഡിനെ തുടർന്ന് സർവീസ് ഇല്ലാത്തതിനാൽ പുതുക്കിയതുമില്ല.
വേണം ലക്ഷങ്ങൾ
സവാരി ഇല്ലാതെ എട്ടുമാസമായി കിടക്കുന്ന ഹൗസ് ബോട്ടുകൾ ഇനി പ്രവർത്തന സജ്ജമാക്കാൻ ബോട്ടൊന്നിന് വലിപ്പം അനുസരിച്ച് മൂന്നൂ മുതൽ അഞ്ചുവരെ ലക്ഷം രൂപ വരെ ചെലവാകുമെന്ന് ഉടമകൾ പറയുന്നു.
"സർക്കാർ പ്രഖ്യാപിച്ച പാക്കേജിലെ സഹായം വേഗത്തിൽ നൽകാനുള്ള നടപടിയുണ്ടാകണം. ടൂറിസം വകുപ്പിന്റെ നിർദേശം ഒഴിവാക്കി മുഴുവൻ ഹൗസ്ബോട്ടുകൾക്കും സഹായം അനുവദിക്കണം.
ആർ.ആർ.ജോഷി രാജ്, മുൻ പ്രസിഡന്റ്, ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ
"പാക്കേജ് പ്രകാരമുള്ള വായ്പക്ക് 6.5കോടി രൂപയുടെ അപേക്ഷ ലഭിച്ചു.ഗ്രാന്റിനുള്ള അപേക്ഷക്കുള്ള പോർട്ടൽ അടുത്തയാഴ്ച നിലവിൽ വരും. 2019 ഏപ്രിൽ ഒന്നുമുതൽ കഴിഞ്ഞ സെപ്തംബർ 30വരെയുള്ള കാലയളവിൽ രജിസ്ട്രേഷനും സർവേ സർട്ടിഫിക്കറ്റും ഉണ്ടായിരുന്നവർക്ക് അപേക്ഷ നൽകാം
ടി.ജി.അഭിലാഷ്, ഡെപ്യൂട്ടിഡയറക്ടർ, ടൂറിസം വകുപ്പ്