
ആലപ്പുഴ : ''ബീച്ചിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നവരെ ആശ്രയിച്ചായിരുന്നു ഇത്രയും നാളും ജീവിതം തള്ളി നീക്കിയിരുന്നത്. കൊവിഡിന്റെ വരവോടെ എല്ലാം താളംതെറ്റി. കട തുറന്നിട്ട് ഏഴു മാസത്തോളമാകുന്നു" കഴിഞ്ഞ ഏഴ് വർഷമായി കടൽത്തീരത്ത് വീൽവണ്ടിയിൽ സർബത്ത് കച്ചവടം നടത്തിയിരുന്ന മജീദ് പറയുന്നു. ഇത് മജീദിന്റെ മാത്രം അനുഭവമല്ല. നൂറോളം കച്ചവടക്കാരാണ് ബീച്ചിനെ ആശ്രയിച്ച് വിവിധ കച്ചവടങ്ങൾ ചെയ്ത് കുടുംബം പുലർത്തിയിരുന്നത്. കൊവിഡിനെത്തുടർന്ന് ബീച്ചിൽ സന്ദർശകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇവരുടെ ജീവിതം വറുതിയുടെ ആഴങ്ങളിലായി.
സർബത്ത് കച്ചവടമാണെങ്കിലും അവധി ദിനങ്ങളിൽ സഞ്ചാരികളുടെ തിരക്കേറുമ്പോൾ ആറായിരം രൂപ വരെ പ്രതിദിന കച്ചവടം നടക്കാറുണ്ടായിരുന്നെന്ന് മജീദ് പറയുന്നു. ശനി, ഞായർ ദിനങ്ങളിൽ സഞ്ചാരികളുടെ എണ്ണം കൂടുതലായിരിക്കും. കൊവിഡ് വന്നതോടെ വരുമാനം പൂർണമായും നിലച്ചു. എല്ലായിടത്തും നിയന്ത്രണങ്ങളുള്ളതിനാൽ മറ്റിടങ്ങളിലേക്ക് കച്ചവടം മാറ്റാനും സാധിക്കില്ല. കച്ചവടം പൊടിപൊടിച്ചിരുന്ന വീൽവണ്ടി ഏഴ് മാസങ്ങളായി മഴയും വെയിലുമേറ്റ് കടൽക്കരയിൽ കിടപ്പാണ്.
ബജി, പമ്പരം, ബലൂൺ, കപ്പലണ്ടി, കളിപ്പാട്ടങ്ങൾ, ഐസ്ക്രീം, തോർത്ത്, ബർമൂഡ തുടങ്ങിയ ഇനങ്ങൾ വിറ്റിരുന്നവരാണ് ബീച്ചിലെ കച്ചവടക്കാരിൽ അധികവും. വരുമാനം നിലച്ചതോടെ ഇവരിൽ പലരും മറ്റു ജോലികൾ തേടിപ്പോയി. പ്രായമായവർക്കാകട്ടെ മറ്റൊരു തൊഴിൽമേഖല തേടുക വെല്ലുവിളിയാണ്. കടപ്പുറത്ത് അനാഥമായി കിടക്കുന്ന തങ്ങളുടെ വീൽവണ്ടികൾ നോക്കി മനസു നീറുകയാണ് ഇവർ.