
ആലപ്പുഴ: രഞ്ജിട്രോഫിയിൽ മിന്നും താരമായി വിലസുമ്പോഴും, നാട്ടിലെ പറമ്പിൽ തങ്ങളുമൊത്ത് കളിക്കാനിറങ്ങാൻ ഒരു മടിയും കാണിക്കാതിരുന്ന ഉമ്പ്രിയെന്ന സുരേഷ് കുമാർ ഇനിയില്ലെന്നത് വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് കൂട്ടുകാർ. ആലപ്പുഴയിൽ ക്രിക്കറ്റ് ജനകീയമാക്കുന്നതിൽ നിർണായക പങ്കു വഹിച്ച, മുൻ രഞ്ജി താരവും അണ്ടർ 19 ഇന്ത്യൻ ടീമംഗവുമായിരുന്ന എം.സുരേഷ് കുമാറിനെ വെള്ളിയാഴ്ച വൈകിട്ടാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. കൊവിഡ് പരിശോധന ഫലം ലഭിക്കാൻ വൈകിയതിനാൽ ഇന്നലെ സംസ്കാരം നടത്താനായില്ല. ഇന്ന് വൈകിട്ട് മൂന്നിന് വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കാരം നടക്കും.
വലിയൊരു സുഹൃത് വലയത്തിന് ഉടമയായിരുന്ന ഉമ്പ്രിയുടെ വിയോഗവാർത്തയറിഞ്ഞ് വിതുമ്പുകയായിരുന്നു പ്രിയപ്പെട്ടവരൊക്കെയും. വലിയ താരമായി വളരുമ്പോഴും ആലപ്പുഴയും സുഹൃത്തുക്കളുമായിരുന്നു ഉമ്പ്രിയുടെ ലോകം. ആര് കളിക്കാൻ വിളിച്ചാലും പോകും. യാതൊരു ജാടയും ജീവിതത്തിൽ വച്ചുപുലർത്തിയിരുന്നില്ലെന്ന് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. ഇന്ത്യൻ ടീമിന്റെ ഭാഗമാവുക എന്ന അർഹതപ്പെട്ട നേട്ടം നഷ്ടമായതിന്റെ നിരാശ ഉമ്പ്രിയെ നൊമ്പരപ്പെടുത്തിയിരുന്നുവെന്ന് സുഹൃത്തും ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയുമായ എ.എം.നൗഫൽ പറയുന്നു.
90കളിലെ ഇന്ത്യൻ ടീമിൽ അംഗമാകാനുള്ള എല്ലാ യോഗ്യതയും സുരേഷിനുണ്ടായിരുന്നു. എന്നാൽ കർണാടക ലോബിയുടെ ചില ഇടപെടലുകളാണ് അദ്ദേഹത്തിന്റെ അവസരം തട്ടിമാറ്റിയതെന്നും നൗഫൽ കൂട്ടിച്ചേർക്കുന്നു. സുരേഷിന്റെ കഴിവുകൾ വരും തലമുറയ്ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ ഫീൽഡിംഗ് കോച്ച് എന്ന പോസ്റ്റ് പോലും രൂപീകരിച്ചത്. എന്നാൽ, മൂന്ന് മാച്ചുകളിൽ കുട്ടികൾക്ക് കോച്ചിംഗ് നൽകിയ ശേഷം സുരേഷ് തന്റെ ജീവിതത്തിലേക്ക് ഒതുങ്ങി. റെയിൽവേയിൽ ജോലിനോക്കിവരുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സുരേഷ് ഭാഗമാകാതിരുന്ന ടൂർണമെന്റുകളില്ല. ഓഫ് സ്പിന്നറായും ആൾ റൗണ്ടറുമായൊക്കെ അവിടങ്ങളിൽ നിറഞ്ഞുനിന്നു. അസറുദ്ദീനും, ദ്രാവിഡും ഏറെ ഇഷ്ടപ്പെട്ടിരുന്നു ഈ കളിക്കാരനെ.
ബാല്യത്തിൽ വീടിനോട് ചേർന്നുള്ള പ്ലാമ്പറമ്പിലായിരുന്നു സുരേഷ് ക്രിക്കറ്റിന്റെ ഹരിശ്രീ കുറിച്ചത്. അമ്മാവൻമാരായ മണികുമാറും ഹരിറാമുമായിരുന്നു സുരേഷിനെ മുന്നോട്ടു നയിച്ചത്. പതിനാലാം വയസിൽ മുൻ കേരള പരിശീലകൻ പി.ബാലചന്ദ്രന് കീഴിൽ പരിശീലനം തുടങ്ങി. അങ്ങനെ അണ്ടർ 19 ടീമിലെത്തി. പിന്നെ പടിപടിയായി നേട്ടങ്ങൾ കൊയ്യുമ്പോഴും ഇന്ത്യൻ ടീമിലെ അംഗമാവുകയെന്നത് ആഗ്രഹം മാത്രമായൊതുങ്ങി. സുരേഷിന്റത്ര പ്രതിഭയില്ലാത്തവർ പോലും 90കളിൽ ഇന്ത്യൻ ടീമിലെത്തിയപ്പോൾ ദൂരെ നിന്ന് വേദനിക്കാനേ സുരേേഷിനും സുഹൃത്തുക്കൾക്കും കഴിഞ്ഞുള്ളൂ. കഴിഞ്ഞവർഷം ആലപ്പുഴ ഫൈറ്റേഴ്സ് ക്ലബ്ബിന് വേണ്ടി ജില്ലാ എ ഡിവിഷൻ ലീഗിലാണ് ഏറ്റവുമവസാനം സുരേഷ് കളിച്ചത്. ക്രിക്കറ്റ് അസോസിയേഷന് വേണ്ടി എസ്.ഡി കോളേജ് ഗ്രൗണ്ട് സ്വന്തമാക്കുന്നതിലടക്കം സജീവ ഇടപെടൽ വഹിച്ച വ്യക്തിയായിരുന്നു സുരേഷ് എന്ന് കായിക ലോകത്തെ സുഹൃത്തുക്കൾ അനുസ്മരിക്കുന്നു.