
അമ്പലപ്പുഴ : ദേശീയ പാതയിൽ കാക്കാഴം മേൽപ്പാലത്തിൽ ടാങ്കർ ലോറിയും, പിക്ക് അപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. പിക്കപ്പ് വാനിലുണ്ടായിരുന്ന കോതമംഗലം ചുരികാത്ത് വീട്ടിൽ ജോർജ് (30), കോതമംഗലം തോപ്പിൽ ശ്രീക്കുട്ടൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പുലർച്ചെ 3 ഓടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഓയിൽ ടാങ്കറും എതിർദിശയിൽ വന്ന പിക്ക് അപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മുൻഭാഗം തകർന്ന വാനിൽ നിന്നും അഗ്നിശമന സേനയും, അമ്പലപ്പുഴ പൊലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. പരിക്ക് ഗുരുതരമായതിനാൽ ജോർജിനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു.