43528 സീറ്റുകളിൽ മെരിറ്റ് അട്ടിമറിക്കപ്പെടും

ആലപ്പുഴ: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലായി പ്ലസ് വണ്ണിന് ആകെയുള്ള 418395 മെരിറ്റ് സീറ്റുകളിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ 43528 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. ഈ സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചു. ഇതുവരെ അപേക്ഷിക്കാത്തവർക്കും, അപേക്ഷിച്ചിട്ട് അഡ്മിഷൻ കിട്ടാത്തവർക്കും, സേ പരീക്ഷ പാസായവർക്കും, അപേക്ഷയിൽ തെറ്റ് സംഭവിച്ച് ഒന്നാം ഘട്ടത്തിൽ അഡ്മിഷൻ കിട്ടാത്തവർക്കും മാത്രമേ സപ്ലിമെന്ററി അഡ്മിഷന് അപേക്ഷിക്കാനാവൂ. സയൻസ് കോമ്പിനേഷന് 21541 ഉം, കൊമേഴ്‌സിന് 12468ഉം ഹ്യൂമാനിറ്റീസിന് 9339 ഉം വേക്കൻസിയാണ് നിലവിലുള്ളത്. ആദ്യ ഘട്ട അലോട്ട്‌മെന്റിൽ മാർക്ക് കുറവായതുമൂലം ആഗ്രഹിച്ച സയൻസ് കിട്ടാതെ കൊമേഴ്‌സിലോ ഹ്യൂമാനിറ്റീസിലോ ചേർന്നവരും, കൊമേഴ്‌സ് കിട്ടാതെ ഹ്യൂമാനിറ്റീസിലോ തിരിച്ചുമോ ചേരാൻ നിർബന്ധിതരായവരുമായ ഒട്ടേറെ കുട്ടികൾക്ക് അഡ്മിഷൻ എടുത്തു പോയെന്ന കാരണത്താൽ സപ്ലിമെന്ററിക്ക് അപേക്ഷിക്കാനാവില്ല. അതു കൊണ്ട് തന്നെ ഒഴിഞ്ഞുകിടക്കുന്ന ഈ സിറ്റുകളിലേക്ക് വരുക ഇതുവരെ അഡ്മിഷന്‍ കിട്ടാതെ പുറത്ത് നിൽക്കുന്ന കുട്ടികളാവും.

മെരിറ്റ് അട്ടിമറിക്കപ്പെടുന്ന അനീതിയാണിത്. സപ്ലിമെന്ററി അഡ്മിഷനൊപ്പം സ്‌കൂൾ മാറ്റവും, കോമ്പിനേഷൻ മാറ്റവും അനുവദിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ക്രമക്കേട് സംഭവിക്കില്ലായിരുന്നു.

- എസ്.മനോജ് (ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ)