photo

ആലപ്പുഴ: പഞ്ചായത്ത് രാജ് - നഗരപാലിക നിയമങ്ങളിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമായിട്ടുള്ള അധികാരങ്ങൾ പൂർണ അർത്ഥത്തിൽ വിനിയോഗിക്കാൻ ഇപ്പോഴും സാധിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് കെട്ടിത്തിന്റെയും കോൺഫറൻസ് ഹാളിന്റെയും വെർച്ച്വൽ ക്ലാസ് മുറിയുടെയും ഉദ്ഘാടനവും ജില്ലാ പഞ്ചായത്തിന് ലഭിച്ച ഐ എസ് ഒ 9001-2015 പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊളളാൻ കഴിഞ്ഞ ജില്ല പഞ്ചായത്തിന്റെ നടപടികൾ ശ്ലാഘനീയമാണ്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് വലിയ മാറ്റങ്ങൾക്ക് വിധേയമാവുകയാണ്. ജിയോ ടെക്‌സ്‌റ്റൈൽ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, സ്വാഭാവിക റബ്ബർ എന്നിവ ഉപയോഗിച്ചു റോഡുകൾ നിർമിച്ചുതുടങ്ങി.

30 വർഷം നീണ്ടുനിൽക്കുന്ന കോൺക്രീറ്റ് റോഡുകൾ നിർമിക്കാൻ ആണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോൾ വിഭാവനം ചെയ്തിട്ടുള്ളത്. വൈറ്റ് ടോപ്പിംഗ് എന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആലപ്പുഴ നഗരത്തിലെ ഒരു ഡസൻ റോഡുകളെങ്കിലും പണിയുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.

ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ.കെ.അശോകൻ, അഡ്വ.കെ.ടി.മാത്യു,കെ.സുമ, സിന്ധു വിനു, ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ.ദേവദാസ് എന്നിവർ പങ്കെടുത്തു.