ambala

അമ്പലപ്പുഴ: പണയംവച്ച ഉരുപ്പടികൾ തിരികെ ലഭിക്കാത്തതിനെ തുടർന്ന് ധനകാര്യ സ്ഥാപനത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരവുമായി ഒരു കുടുംബം. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ വെളിംപറമ്പ് വീട്ടിൽ ഷിബുവും, ഭാര്യ പ്രമീളയും അടങ്ങുന്ന കുടുബാഗങ്ങളാണ് പുന്നപ്ര പറവൂർ ഷാപ്പ് മുക്കിന് സമീപം സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധവുമായെത്തിയത്.

2019 ഏപ്രിൽ മാസം ആറാം തിയതി പ്രമീളയുടെ 15 ഗ്രാം തൂക്കം വരുന്ന പാദസ്വരം ഈ സ്ഥാപനത്തിൽ മുപ്പതിനായിരം രൂപയ്ക്ക് പണയം വച്ചിരുന്നു. എന്നാൽ ഇതിന് ശേഷം പണയ ഉരുപ്പടി മടക്കി എടുക്കാൻ ഷിബുവും, ശ്യാമളയും സ്ഥാപനത്തിൽ എത്തിയെങ്കിലും പിന്നീട് വിളിച്ച് അറിയിക്കുമ്പോൾ എത്തിയാൽ മതിയെന്നു പറഞ്ഞ് ഉടമ ഇവരെ തിരിച്ചയച്ചു. പിന്നീട് സ്ഥാപന ഉടമ ഷിബുവിനെ വിളിച്ചില്ല. വെള്ളിയാഴ്ച സ്ഥാപനത്തിൽ എത്തിയ ഇവരോട് സ്വർണ്ണ ഉരുപ്പടികൾ ലേലത്തിൽ പോയെന്നും തിരികെ തരാൻ നിർവാഹമില്ലന്നും സ്ഥാപന ഉടമ അറിയിച്ചു. തുടർന്ന് ഇന്നലെ രാവിലെ 10 ഓടെ പുന്നപ്ര പൊലീസിൽ ഷിബു പരാതി നൽകി. ഇവർ സമരവുമായി എത്തുമെന്നറിഞ്ഞ ഉടമ സ്ഥാപനം അടച്ച് പോവുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര എസ്. ഐ. നവാസിന്റെ നേതൃത്വത്തിൽ സ്ഥാപന ഉടമയ്ക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി