ചേർത്തല: മാദ്ധ്യമ പ്രവർത്തകയും ബി.ജെ.പി നിയോജകമണ്ഡലം സെക്രട്ടറിയുമായ ആശയേയും ഭർത്താവും വിമുക്ത ഭടനുമായ മുകേഷിനെയും വഴിയിൽ തടഞ്ഞുനിർത്തി മാരാരിക്കുളം പൊലീസ് അപമാനിച്ചതായി പരാതി. ആലപ്പുഴയിൽ പോയി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച വൈകിട്ട് 3.30 ഓടേ പതിനൊന്നാം മൈൽ ജംഗ്ഷനിലായിരുന്നു സംഭവം.കവലയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ അവിടെ എത്തിയ പൊലീസ് സംഘം ഇവരുടെ പുതിയ ഇരുചക്രവാഹനത്തിൽ താത്കാലികമായി സ്ഥാപിച്ചിട്ടുള്ള നമ്പർ വ്യക്തമല്ലെന്ന് പറഞ്ഞാണ് ഇടപെട്ടത്.വിവരങ്ങൾ ധരിപ്പിച്ചിട്ടും പൊലീസ് ഉദ്യോഗസ്ഥൻ ചെവിക്കൊണ്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു.ചേർത്തല ഡിവൈ.എസ്.പിക്ക് ഇവർ പരാതി നൽകി.
നടപടി സ്വീകരിക്കണം
മാരാരിക്കുളം പൊലീസിന്റെ നടപടിയിൽ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.സാധാരണക്കാരോടുള്ള പൊലീസിന്റെ പെരുമാറ്റം ഏറെ വിവാദമായിട്ടും അതിൽനിന്ന് പാഠം പഠിക്കാതെ പൊതുജനങ്ങളെ വെല്ലുവിളിക്കുകയാണെന്നും ഇത്തരക്കാർ സേനയ്ക്ക് അപമാനമാണെന്നും യോഗം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് മാപ്പറമ്പിൽ അദ്ധ്യക്ഷനായി.എം.എസ്.ഗോപാലകൃഷ്ണൻ, അരുൺ.കെ.പണിക്കർ,അഡ്വ.കെ.പ്രേംകുമാർ എന്നിവർ സംസാരിച്ചു.