s

ആലപ്പുഴ: കൊവിഡ് കാലത്ത് ചിത്രകലാ അദ്ധ്യാപകന്റെ കരവിരുതിൽ പൈതൃകവും പൗരാണിക ചരിത്രവും തനത് കാഴ്ചയും ഒരുക്കി ആലപ്പുഴ നഗരശില്പി രാജാകേശവദാസിന്റെ പേരിൽ വിദ്യാർത്ഥികൾക്കായി ഒരു ആർട്ട്ഗാലറി പിറക്കുന്നു.

ആലപ്പുഴ എസ്.ഡി.വി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് 600സ്ക്വയർ ഫീറ്റിൽ ഏഴ് അടി ഉയരത്തിൽ ആലപ്പുഴ നഗരത്തിന്റെ രൂപകല്പന നടത്തിയ രാജാകേശവദാസിന്റെ പേരിൽ ആർട്ട് ഗാലറി ഒരുങ്ങുന്നത്. ആലപ്പുഴയുടെ തനത് ഭംഗി വിളിച്ചോതുന്നതുമായ കല, പ്രകൃതി, തൊഴിൽ, ചരിത്രം ഇവയെല്ലാം ഉൾപ്പെടുത്തി അക്രിലിക് മീഡിയത്തിൽ തനത് കാഴ്ചയും 10ചിത്രങ്ങളും 28മഹത് വചനങ്ങളും ഗാലറിയിൽ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിലെ ചിത്രകലാ അദ്ധ്യാപകൻ ജിനു ജോർജ് കൊവിഡ് കാലത്ത് 117ദിനരാത്രങ്ങൾ കൊണ്ടാണ് ഗാലറിയിൽ ആവശ്യമായ ചിത്രങ്ങൾ തയ്യാറാക്കിയത്.

രാജാ കേശവദാസ്, ലൈറ്റ് ഹൗസ്, കടൽപ്പാലം, ഹൗസ് ബോട്ട്, ചക്രം ചവിട്ടൽ, പാടത്ത് ഞാറുനടീൽ, തൊണ്ട് ചകിരിയാക്കൽ, വള്ളംകളി തുടങ്ങി നഗരത്തിലെ കഴിഞ്ഞകാലങ്ങളെ അനുസ്മരിക്കുന്ന 10 ചിത്രങ്ങൾ ഗാലറിയ്ക്ക് ആകർഷണമേകും. ഗാന്ധിജി, സ്വാമി വിവേകാനന്ദൻ, ഡോ.ആനിബസന്റ് , ഡോ.എ.പി.ജെ.അബ്ദുൾകലാം ഉൾപ്പെടെ 28പേരുടെ ചിത്രങ്ങളോടു കൂടിയ മഹത് വചനവും തയ്യാറായി . അക്രലിക് മീഡിയത്തിൽ ചുവരിലും ഇനാമലിൽ തുണികളിലുമാണ് ചിത്രങ്ങൾ തയ്യാറാക്കിയത്. മഹത് വചനങ്ങൾ തയ്യാറാക്കിയത് സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം എ.ശിവസുബ്രഹ്മണ്യമാണ്.

115 വർഷത്തെ പാരമ്പര്യമുള്ള സ്കൂളിന്റെ മുൻവശത്താണ് ഗ്യാലറി. 28മഹത് വചനങ്ങളും ചുവരിൽ വരച്ചിട്ടുണ്ട്. മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് വിദ്യാർത്ഥികളെ ബോധവാൻമാരാക്കുകയാണ് ഗാലറി കൊണ്ട് ലക്ഷ്യമിട്ടിരിക്കുന്നത്. വൈകാതെ ഓൺലൈൻവഴി തന്റെ വെബ്‌സൈറ്റിലൂടെ ലോകത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ചിത്രകല പഠിക്കാൻ അവസരമൊരുക്കുമെന്ന് ജിനു ജോർജ് പറഞ്ഞു. രണ്ട് ലക്ഷം രൂപയോളം ചെലവഴിച്ചാണ് ചിത്രങ്ങൾ നിർമ്മിച്ചത്.