തുറവൂർ : വാക്കുതർക്കത്തിനിടെ വെട്ടേറ്റ് വീട്ടമ്മയുടെ കൈവിരലുകളറ്റു. വൈക്കം ഉദയനാപുരം കൂറ്റുവേലി വീട്ടിൽ ഷീജയ്ക്കാണ് (38) വെട്ടേറ്റത്. കൈയ്ക്ക് ഗുരുതര പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത തുറവൂർ പഞ്ചായത്ത് ഏഴാം വാർഡ് വളമംഗലം വടക്ക് കൊച്ചു തറ നികർത്ത് വീട്ടിൽ പ്രകാശനെ (50) കോടതി റിമാൻഡ് ചെയ്തു.

വെള്ളിയാഴ്ച രാത്രി എട്ടരയ്ക്ക് വളമംഗലത്തായിരുന്നു സംഭവം. പൊലീസ് പറയുന്നത്: വൈറ്റില ചമ്പക്കര മത്സ്യ മാർക്കറ്റിൽ ജോലി ചെയ്യുന്ന പ്രകാശൻ ഷീജയുമായി അടുപ്പത്തിലായിരുന്നു .ഭർത്താവുമായി അകന്നു കഴിയുന്ന ഷീജ വൈറ്റിലയിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. സംഭവ ദിവസം ഉച്ചയ്ക്ക് ഷീജയുടെ വീട്ടിൽ ചെന്ന പ്രകാശൻ , മറ്റൊരാളുമായുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ ഷീജയുമായി വഴക്കുണ്ടാക്കി. തുടർന്ന് ഷീജയുടെ മൊബൈൽ ഫോൺ കൈക്കലാക്കിയ ശേഷം പ്രകാശൻ ബൈക്കിൽ കടന്നു കളഞ്ഞു. തന്റെ മൊബൈൽ ഫോൺ തിരികെ ചോദിക്കാനായി വൈറ്റിലയിൽ നിന്ന് പ്രകാശന്റെ വീടിന് സമീപം ഷീജ എത്തി. തുടർന്നുണ്ടായ വാക്കു തർക്കത്തിനിടെ മീൻ വെട്ടുന്ന വലിയ കത്തി കൊണ്ട് തലയ്ക്ക് പ്രകാശൻ വെട്ടിയപ്പോൾ തടയാൻ ശ്രമിച്ചപ്പോഴാണ് ഷീജയുടെ കൈകളിൽ വെട്ടേൽക്കുകയും വിരലുകൾ മുഴുവൻ മുറിഞ്ഞു പോവുകയും ചെയ്തത് . പ്രകാശന് ഭാര്യയും രണ്ട് പെൺമക്കളുുമുണ്ട്.