തുറവൂർ: സി.പി.എം കോസ്റ്റൽ എൽ.സി സെക്രട്ടറി പ്രശാന്തിന് നേരെ പൊലീസ് അതിക്രമമെന്ന് പരാതി. ഇന്നലെ രാവിലെ അന്ധകാരനഴിയിലെ മത്സ്യ ലേല മാർക്കറ്റിലായിരുന്നു സംഭവം. മത്സ്യം വാങ്ങാനെത്തിയ പ്രശാന്തിനോട് പട്ടണക്കാട് ഗ്രേഡ് എസ് ഐ സുരേന്ദ്രൻ പുറത്തിറങ്ങാൻ ആവശ്യപ്പെട്ടെന്നും യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്നുമാണ് പരാതി. അന്നനാളത്തിന് ദ്വാരം വീണതു മൂലം ഒരു ശസ്ത്രക്രിയയ്ക്ക് അടുത്തിടെ പ്രശാന്ത് വിധേയനായിരുന്നു. പരിക്കേറ്റ പ്രശാന്തിനെ തുറവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന്സി.പി.എം.അരൂർ ഏരിയ സെക്രട്ടറി പി.കെ.സാബു ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി.