
ആലപ്പുഴ:വെള്ളപ്പൊക്കമായാൽ മുണ്ടും മടക്കിക്കുത്തി തിരിഞ്ഞു നടക്കേണ്ട ദുര്യോഗത്തിൽ നിന്ന് ആലപ്പുഴ- ചങ്ങനാശ്ശേരി റോഡുവഴിയുള്ള യാത്രക്കാരെ മോചിതരാക്കാനുള്ള വലിയ നിർമ്മാണത്തിന് ഇന്ന് തുടക്കം. പ്രളയത്തെ അതിജീവിക്കാൻ കെല്പുള്ള തരത്തിൽ പുനർനിർമിക്കുന്ന റോഡിന്റെ നിർമാണോദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്റി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. കൈതവന ജംഗ്ഷനിൽ നടക്കുന്ന ചടങ്ങിൽ മന്ത്റി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും.
മന്ത്റി ഡോ.ടി.എം. തോമസ് ഐസക്ക് വിശിഷ്ടാതിഥിയാവും. എം.പി.മാരായ എ.എം. ആരിഫ്, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. 671.66 കോടി ചെലവ് കണക്കാക്കിയിട്ടുള്ള ബൃഹത്പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും അസർബൈജാൻ കമ്പനിയും സംയുക്തമായാണ് ഏറ്റെടുത്തിട്ടുള്ളത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾക്കാണ് എ-സി റോഡ് പുനർനിർമ്മാണം വഴി ഗുണം കിട്ടുന്നത്. ദേശീയപാതയെയും എം.സി റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായി ഇത് മാറും. തോട്ടപ്പള്ളി സ്പിൽവെ പാലത്തിൽ ഗതാഗത തടസമുണ്ടായാൽ ഒരു പരിധിവരെ ബദൽ സംവിധാനമായും ഇത് പ്രയോജനപ്പെടും.
സെമി എലിവേറ്റഡ് ഹൈവേ രീതിയിലാണ് നിർമ്മാണം. കാലവർഷമെത്തിയാൽ എ.സി റോഡിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി 15 മുതൽ 20 ദിവസം വരെ ഗതാഗതം മുടങ്ങുന്നത് പതിവാണ്. ഇതിനാണ് ശാശ്വത പരിഹാരമാവുന്നത്. നവീകരിക്കുന്ന റോഡിന് 10 മീറ്റർ വീതിയുള്ള രണ്ടുവരി പാതയും ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 13 മുതൽ 14 മീറ്റർ വരെ വീതി ഉണ്ടാകും.
20 കിലോമീറ്ററിൽ മൂന്നുതരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിക്കുന്നത്. 2.9 കിലോമീറ്റർ ബി.എം ആൻഡ് ബി.സി മാത്രം ചെയ്ത് റോഡ് നിലനിറുത്തും. രണ്ടാമത്തെ 8.27 കിലോമീറ്റർ ജിയോ ടെക്സ്റ്റൈൽ ലെയർ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തെ 9 കിലോമീറ്റർ ജിയോഗ്രിഡും കയർ ഭൂവസ്ത്രത്താൽ എൻകേസ് ചെയ്ത സ്റ്റോൺ കോളവും ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തലുമാണ് അവലംബിക്കുക. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർ നിർമ്മാണം.
 നടപ്പാതയും കൈവരിയും
എ-സി റോഡിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതും ഫുട്പാത്ത് ഇല്ലാത്തതും വീതി കുറഞ്ഞതുമായ കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്ക് പുതുക്കുന്ന റോഡിന്റെ ഘടനയ്ക്ക് അനുസൃതമായി ഇരുവശങ്ങളിൽ നടപ്പാതകൾ ഉൾപ്പെടുത്തി വീതി കൂട്ടുന്നുവെന്നതാണ് നിർമ്മാണത്തിലെ പ്രധാന ഘടകം. വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ചു സ്ഥലങ്ങളിൽ ഫ്‌ളൈഓവർ നിർമ്മിക്കും. ഫ്‌ളൈ ഓവറുകൾക്ക് ആകെ നീളം 1.79 കിലോമീറ്റർ.
കുറച്ചു ദൂരത്തിൽ മാത്രം വെള്ളപ്പൊക്കം ഉണ്ടാകുന്ന ഭാഗങ്ങളിൽ നിലവിലുള്ള റോഡ് അധികം ഉയർത്താതെ, കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കാൻ 9 സ്ഥലങ്ങളിൽ ക്രോസ് വേ നൽകിയിട്ടുണ്ട്. ചെറുതും വലുതുമായ 82 പാലങ്ങളാണ് തീർക്കേണ്ടത്.
...............................
 പദ്ധതി തുക: 671.66 കോടി
# ദൈർഘ്യം: 24.14 കിലോ മീറ്റർ
# നിർമ്മാണ കാലാവധി: 3 വർഷം
# വ്യത്യസ്ത തരത്തിൽ അഞ്ച് ഫ്ളൈ ഓവറുകൾ
 ഫ്ളൈഓവർ ടൈപ്പ് ഒന്ന്
# ഒന്നാംകര മുതൽ മങ്കൊമ്പ് ജംഗ്ഷൻ വരെ (370 മീറ്റർ)
# മങ്കൊമ്പ് തെക്കേക്കര (240 മീറ്റർ)
# പൊങ്ങ കലുങ്ക് മുതൽ പണ്ടാരക്കുളം വരെ (485 മീറ്റർ)
 ടൈപ്പ് രണ്ട്
# മങ്കൊമ്പ് ജംഗ്ഷൻ മുതൽ മങ്കൊമ്പ് കലുങ്ക് വരെ (440മീറ്റർ)
# ജ്യോതി ജംഗ്ഷൻ മുതൽ പറശ്ശേരിൽ പാലം വരെ (260 മീറ്റർ)