
ആലപ്പുഴ: വിദേശ രാജ്യങ്ങളിൽ ഹിറ്റായ വാട്ടർ ടാക്സി 15മുതൽ ആലപ്പുഴയിലും സർവ്വീസ് ആരംഭിക്കും. ജലഗതാഗതവകുപ്പ് നേതൃത്വം വഹിക്കുന്ന സർവ്വീസിന്റെ ഉദ്ഘാടനം അന്നു രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും.
പാണാവള്ളിയിലെ സ്വകാര്യ യാർഡിൽ നാല് വാട്ടർ ടാക്സികളുടെ നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ ദിവസം നീറ്റിലിറക്കിയിരുന്നു. ജലഗാഗത വകുപ്പിന്റെ സാധാരണ ബോട്ടുകളേക്കാൾ സൗകര്യപ്രദമാണ് ഇതിലെ യാത്ര. വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകിയായിരിക്കും ആദ്യ സർവീസ്. തുടർന്ന് എറണാകുളത്തേക്കും വാട്ടർ ടാക്സി സേവനം വ്യാപിപ്പിക്കും. 10 പേർക്ക് യാത്ര ചെയ്യാവുന്ന കറ്റാമറൈൻ ബോട്ടുകളാണ് വാട്ടർ ടാക്സിക്കായി നിർമ്മിച്ചത്. ഇവയ്ക്ക് സമാന്തരമായ രണ്ട് ഹൾ ഉള്ളതിനാൽ സ്പീഡ് ബോട്ടുകളെപ്പോലെ യാത്ര ചെയ്യാമെന്നതാണ് പ്രത്യേകത. സ്വീഡനിൽ നിന്നെത്തിച്ച എൻജിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. കുസാറ്റ് ഷിപ്പ് ടെക്നോളജിസ്റ്റാണ് രൂപകൽപ്പനയ്ക്ക് മേൽനോട്ടം വഹിച്ചത്.
50 ലക്ഷമാണ് ഒരു ബോട്ടിന്റെ ചെലവ്. 15 നോട്ടിക്കൽ മൈൽ (മണിക്കൂറിൽ 35 കിലോമീറ്റർ) വേഗമുണ്ടാകും. സാധാരണ ബോട്ടുകളുടെ വേഗം 6 നോട്ടിക്കൽ മൈലാണ്. ആലപ്പുഴ ബോട്ട് സ്റ്റേഷനിൽ പാർക്ക് ചെയ്യുന്ന വാട്ടർ ടാക്സി ആവശ്യപ്പെടുന്നതനുസരിച്ച് സർവീസ് നടത്തും. ദിവസ വാടകയ്ക്ക് സർവീസ് നടത്തുന്നതും പരിഗണനയിലുണ്ട്. ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്ക് ഒരുമണിക്കൂർ താഴെ സമയം കൊണ്ട് എത്താനാകും. സാധാരണ ബോട്ടിൽ ഈ ദൂരമെത്താൻ രണ്ട് മണിക്കൂർ വേണം. ജലഗതാഗതം മാത്രം ആശ്രയമായ കുട്ടനാടൻ മേഖലയിലുള്ളവർക്ക് അത്യാവശ്യഘട്ടങ്ങളിൽ ഏറെ ഉപകാരപ്രമാകും വാട്ടർ ടാക്സി.
.........................
 നമ്പരുണ്ട്
പ്രത്യേക മൊബൈൽ നമ്പരിലൂടെ വാട്ടർ ടാക്സി ബുക്ക് ചെയ്യാം. ഉദ്ഘാടനത്തിന് മുമ്പ് നമ്പർ പൊതുജനങ്ങൾക്ക് നൽകുമെന്ന് അധികൃതർ അറിയിച്ചു. മണിക്കൂർ അടിസ്ഥാനത്തിലാണ് നിരക്ക്. യാത്രക്കാർ നിൽക്കുന്ന സ്ഥലത്തേക്ക് ടാക്സിയെത്തും. ആലപ്പുഴയിൽ ജലയാത്രാ സൗകര്യമുള്ള എവിടെ നിന്നും ബോട്ടിനായി വിളിക്കാം. ഡ്രൈവർ, സ്രാങ്ക്, ലാസ്കർ തുടങ്ങി മൂന്ന് ജീവനക്കാരാണ് വാട്ടർ ടാക്സിയിലുള്ളത്.
.........................
വാട്ടർ ടാക്സി പൊതുജനങ്ങൾക്ക് കൊവിഡ് കാലത്ത് കൂടുതൽ പ്രയോജനമാകും. റോഡ് ടാക്സിക്ക് സമാനമായിട്ടാണ് ജലഗതാഗ വകുപ്പിന്റെ പുതിയ സംരംഭം
(ഷാജി വി.നായർ,ജലഗതാഗത ഡയറക്ടർ)