t

ആലപ്പുഴ: കേരളത്തിലെ നിർമ്മാണ മേഖലയ്ക്ക് അലങ്കാരമായി മാറുന്ന പ്രവൃത്തിയാവും എ-സി റോഡ് പുനർ നിർമ്മാണമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.

കേരളത്തിലെ അപൂർവ്വ നിർമ്മാണങ്ങളിൽ ഒന്നായി ഇത് മാറും. റോഡിന്റെ ഇരുവശങ്ങളിലെയും പാടശേഖരങ്ങളിലെ നീരൊഴുക്കിന് ഭംഗം വരാതെയും അതേസമയം ഗതാഗതത്തിന് ഏതു പ്രളയകാലത്തും തടസമുണ്ടാവാതെയുമുള്ള ഒരു സങ്കേതമാണ് പ്രയോഗിക്കുന്നത്. ഇത്തരത്തിലൊരു റോഡു നിർമ്മാണം സംസ്ഥാനത്ത് ഇതാദ്യമാണ്. പദ്ധതി യാഥാർത്ഥ്യമാവുന്നതിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. അദ്ദേഹം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ, ഒരിക്കൽ കോട്ടയത്തു നിന്ന് എ-സി റോഡ് വഴി കാറിൽ ആലപ്പുഴയ്ക്ക് ഒരുമിച്ച് യാത്ര ചെയ്തു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കകാലം മുതൽ കുട്ടനാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചതിന്റെ അനുഭവ സമ്പത്തുവച്ച്, വർഷകാലത്ത് ഇവിടത്തെ ഗതാഗത ദുരിതത്തിന്റെ തീവ്രത വിശദീകരിച്ചുകൊടുത്തു. പുനർനിർമ്മാണത്തിന്റെ ആവശ്യകതയിലേക്ക് അന്നേ അദ്ദേഹം വിരൽ ചൂണ്ടിയിരുന്നു. പിന്നീട് കുട്ടനാടിന്റെ ഭാഗങ്ങളുൾപ്പെടുന്ന അമ്പലപ്പുഴ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കേണ്ടി വന്നപ്പോഴെല്ലാം എ-സി റോഡ് പുനർനിർമ്മിക്കേണ്ട ആവശ്യകത ബോദ്ധ്യപ്പെടുത്താനായി. 2018ലെ പ്രളയം പഠിപ്പിച്ച പാഠങ്ങൾ കൂടിയായപ്പോൾ നിർമ്മാണത്തിന് കാലവിളംബം പാടില്ലെന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ബോദ്ധ്യവുമായി. നേരത്തെ നിർമ്മിച്ച നെടുമുടി, പള്ളാത്തുരുത്തി, കിടങ്ങറ പാലങ്ങൾക്ക് ഇരുവശവും നടപ്പാതയുണ്ടാക്കി കൈവരി തീർക്കാൻ 115 കോടിയാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്. നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണം തീർക്കാമെന്ന ഉത്തമവിശ്വാസമുണ്ട്. അതിന് പ്രാപ്തിയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്രിയെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.