
ആലപ്പുഴ: പെൺകുഞ്ഞുങ്ങളുടെ സ്വാതന്ത്ര്യം ഓർമ്മപ്പെടുത്തി മറ്റൊരു അന്തർദേശീയ ബാലികാ ദിനം കൂടി ഇന്നലെ കടന്നുപോയി. കാലം പുരോഗമിച്ചിട്ടും അസമത്വവും വേർതിരിവും നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് ഓരോ പെൺകുട്ടിയും കടന്നു പോകുന്നത്. അന്തർദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾ പ്രതികരിക്കുന്നു.
 ബി. അഞ്‌ജലി
(എം.സി.എ ഗ്രാജുവേറ്റ്, ഹരിപ്പാട്)
പെൺകുട്ടികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറേണ്ട കാലം അതിക്രമിച്ചു. ആൺ സുഹൃത്തുമായി സംസാരിച്ചുനിന്നാൽ പരിചയമില്ലാത്തവർ പോലും തുറിച്ചു നോക്കുന്നതാണ് സ്ഥിതി. അവൾ ആഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പെൺകുട്ടിക്കും വേണം. ലൈംഗിക വിദ്യാഭ്യാസം സ്കൂൾ, കോളേജ് തലത്തിൽ പാഠ്യവിഷയമാക്കണം. ഒരാൾ റേപ്പിസ്റ്റാവുന്നത് പെട്ടെന്ന് ഒരു നിമിഷം തോന്നുന്ന വികാരം മൂലമല്ല. അവൻ വളർന്നു വന്ന സാഹചര്യമുൾപ്പെടെ അതിൽ ഘടകമാണ്. പന്ത്രണ്ടോ പതിനാലോ വർഷം സർക്കാരിന്റെ ചെലവിൽ താമസിച്ചിറങ്ങുന്ന പ്രതിക്ക് തുടർന്ന് പുറത്തിറങ്ങി വിലസാനുള്ള സാഹചര്യമാണ് നമ്മുടെ നിയമ വ്യവസ്ഥിതിയിലുള്ളത്. ഇതിന് മാറ്റം വരണം.
....................................................................
 എം. സഫാ നിഖാഷി
(ബി.എ ഇംഗ്ലീഷ്, രണ്ടാംവർഷ വിദ്യാർത്ഥിനി, ആലപ്പുഴ)
സൈബർ ബുള്ളിംഗും, സോഷ്യൽ മീഷിയ ദുരുപയോഗവും പ്രതിദിനം വർദ്ധിക്കുകയാണ്. പ്രായം പോലും നോക്കാതെ പീഡന പരമ്പരകൾ അരങ്ങേറുന്നു. മികച്ച ജോലി ലഭിക്കുന്നത് വരെ എല്ലാ പെൺകുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന സംവിധാനം വരണം. പ്ലസ് ടു കഴിഞ്ഞാലുടൻ വിവാഹം കഴിപ്പിച്ചുവിടുന്ന പ്രവണത മാറണം. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാവണം. കൂടാതെ ഏത് സമയത്തും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സാഹചര്യമൊരുങ്ങണം. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിന് ശക്തമായ നിയമസംവിധാനം ആവശ്യമാണ്.
................................................
 ആതിര പുരുഷോത്തമൻ
(ഐ.ടി ക്വാളിറ്റി അഷ്വറൻസ് വിഭാഗം, ടെക്ജെൻഷ്യ, ചേർത്തല)
സ്വാതന്ത്ര്യം പേരിൽ മാത്രം ഒതുങ്ങുന്നതിനാൽ ഇന്നും പെൺകുട്ടികൾക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാനാവുന്നില്ല. സമൂഹം ചില ചട്ടക്കൂടുകൾ നിർമ്മിച്ചിട്ടുണ്ട്. അതിനുള്ളിൽ വേണം പെൺകുട്ടികൾ കഴിയേണ്ടതെന്നാണ് ഈ നൂറ്റാണ്ടിലും ഭൂരിഭാഗം പേരുടെയും ചിന്താഗതി. പൊലീസിന്റെ ഇടപെടലുകളും ശിക്ഷയുമൊക്കെയുണ്ടായിട്ടും രാജ്യത്ത് പീഡനങ്ങൾക്ക് യാതൊരു കുറവുമില്ല. ശിക്ഷ ആർക്കും പാഠമാകാത്തതിനാലാണ് സംഭവങ്ങൾ ആവർത്തിക്കുന്നത്. ജോലിക്ക് പോയിട്ട് വരുമ്പോൾ പോലും നമ്മൾ സുരക്ഷിതരല്ല. ഏത് സമയത്തും ആക്രമണം ഉണ്ടായേക്കാം എന്ന ഭയമാണ് ഉള്ളിൽ. എല്ലാ ഇടങ്ങളിലും ശക്തമായ പൊലീസ് കാവൽ ആവശ്യമാണ്.
..............................................
 രമ്യ രാജൻ
(എംഎസ് സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനി, ആലപ്പുഴ)
സുരക്ഷിതത്വമില്ലായ്മയാണ് ഞങ്ങൾ നേരിടുന്ന പ്രധാന പ്രശ്നം. എവിടെയൊക്കെ ചതിക്കുഴി വല വിരിച്ചിരിക്കുന്നു എന്ന് തിരിച്ചറിയാനാവില്ല. എവിടെയും പെൺകുട്ടികൾക്ക് ധൈര്യമായി കടന്ന് ചെല്ലാനുള്ള വഴി തുറക്കണം. സ്കൂൾ തലം മുതൽ ആൺ- പെൺ വ്യത്യാസം പ്രകടമാണ്. കഴിവിന് അനുസരിച്ച് മുന്നേറാനുള്ള സാഹചര്യം ഒരുങ്ങണം. നമ്മുടെ രാജ്യത്തെ ശിക്ഷാ നടപടികളിൽ ആർക്കും ഭയമില്ലാത്തതാണ് നാൾക്കുനാൾ പെൺകുഞ്ഞുങ്ങൾക്ക് നേർക്കുള്ള അതിക്രമങ്ങളുടെ നിരക്ക് ഉയരാൻ കാരണം. പണം ഉണ്ടെങ്കിൽ നിയമം കൈക്കുമ്പിളിലാണെന്ന ആവസ്ഥയാണ്. ഒരു പരാതി നൽകി എഫ്.ഐ.ആർ ഇട്ടാൽപ്പോലും തുടർന്നുള്ള നടപടിക്രമങ്ങൾ പണത്തിന്റെ സ്വാധീനത്തിൽ മറഞ്ഞുപോകാറുണ്ട്
............................................
 കെ.എസ്. ശ്രുതി
(ബാങ്ക് കോച്ചിംഗ് വിദ്യാർത്ഥിനി, മുഹമ്മ)
പെൺകുട്ടികൾക്ക് ആൺകുട്ടികൾക്കൊപ്പം പരിഗണന ലഭിക്കണം. വിവേചന വ്യവസ്ഥിതി വീടുകളിൽ നിന്നാണ് ആദ്യം മാറേണ്ടത്. അടുക്കളയിലെ ജോലികളിൽ സഹായിക്കാൻ ആരും എന്തുകൊണ്ടാണ് ആൺകുട്ടികളെ വിളിക്കാത്തത്. അതേ സമയം ജോലിക്കോ, വിദ്യാഭ്യാസത്തിനോ പോയി വരുന്ന പെൺകുട്ടിക്ക് വീട്ടിൽ തിരിച്ചെത്തിയാൽ പൂർത്തിയാക്കാൻ പിടിപ്പത് വീട്ടുജോലികളുണ്ടാവും. വീടിനുള്ളിൽ തുടങ്ങുന്ന ഈ വ്യത്യാസമാണ് ജീവിതകാലം മുഴുവൻ പുരുഷമേധാവിത്വമായി മാറുന്നത്. കാലം പുരോഗമിച്ചിട്ടും പകൽ സമയത്ത് പോലും ബസ് യാത്രയിലും പൊതു ഇടങ്ങളിലും സുരക്ഷയില്ല. ചുറ്റുമുള്ള ആരെയും വിശ്വസിക്കാനാവില്ല