ആലപ്പുഴ:പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ഹൈടെക് സ്‌കൂൾ, ഹൈടെക് ലാബ് പദ്ധതികൾ ജില്ലയിലെ 1022 സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ പൂർത്തിയായി. പദ്ധതി പൂർത്തീകരണത്തിന്റെയും പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി മാറുന്നതിന്റെയും പ്രഖ്യാപനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്റി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
ജില്ലയിൽ സർക്കാർ എയ്ഡഡ് വിഭാഗത്തിലെ ഒന്നു മുതൽ 7 വരെ ക്ലാസുകളുള്ള 697ഉം എട്ടു മുതൽ 12 വരെ ക്ലാസുകളുള്ള 325ഉം ഉൾപ്പെടെ 1022 സ്‌കൂളുകളിലാണ് ഹൈടെക് വിന്യാസം പൂർത്തിയായത്. ഇതിന്റെ ഭാഗമായി 6803 ലാപ്പ് ടോപ്പ്, 4106 മൾട്ടിമീഡിയ പ്രൊജക്ടർ, 5565 യു.എസ്.ബി സ്പീക്കർ, 2639 മൗണ്ടിംഗ് അക്‌സസറീസ്, 536 സ്ക്രീൻ, 324 ഡി.എസ്.എൽ.ആർ കാമറ, 325 മൾട്ടിഫംഗ്ഷൻ പ്രിന്റർ, 310 എച്ച്.ഡി വെബ്ക്യാം, 43 ഇഞ്ചുളള 310 ടെലിവിഷൻ എന്നിവ ജില്ലയിലെ വിവിധ സ്കൂളുകളിൽ വിന്യസിച്ചു. 779 സ്‌കൂളുകളിൽ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തി. ജില്ലയിൽ 157 ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് യൂണിറ്റുകളിലായി 8409 അംഗങ്ങളുണ്ട്. 9872 അദ്ധ്യാപകർ ജില്ലയിൽ പ്രത്യേക ഐ.ടി പരിശീലനം നേടി.
ജില്ലയിൽ ഹൈടെക് പദ്ധതിയിൽപ്പെടുത്തി കൈറ്റ് വഴി ഏറ്റവും കൂടുതൽ ഐടി ഉപകരണങ്ങൾ വിന്യസിച്ചത് ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ് ആലപ്പുഴ (229) ആണ്. എസ്.എൻ.എച്ച്.എസ്.എസ് ശ്രീകണ്‌ഠേശ്വരവും (220) സെന്റ് ജോസഫ് ജി.എച്ച.എസ്.എസ് ആലപ്പുഴയും (217) ആണ് തൊട്ടടുത്ത്. പദ്ധതിക്കായി ജില്ലയിൽ കിഫ്ബിയിൽ നിന്നു 33.32 കോടിയും പ്രാദേശിക തലത്തിൽ 14.67 കോടിയും ഉൾപ്പെടെ 47.99 കോടി രൂപ ചെലവായിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഇന്നത്തെ പ്രഖ്യാപന ചടങ്ങ് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി തത്സമയം കാണാം.