
പൂച്ചാക്കൽ: പൈതൃക സ്വത്തുക്കൾക്കുപരി ശ്രീനാരായണ ഗുരുദേവനെ ചികിത്സിച്ച വസ്തി യന്ത്രമാണ് പൂച്ചാക്കൽ സി.കെ.വി ആശുപത്രിയിലെ ഡോ. സുരേഷ് ഹൃദയത്തോട് ചേർത്തുപിടിക്കുന്നത്. ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യനും ആയുർവേദ വൈദ്യനുമായിരുന്ന പാണാവള്ളി കൃഷ്ണൻ വൈദ്യരുടെ ചെറുമകനാണ് സുരേഷ്.
മഹാസമാധിയാകുന്നതിനു മുമ്പുള്ള ചിങ്ങത്തിലാണ് ഗുരുദേവന് വസ്തി ചികിത്സ കൃഷ്ണൻ വൈദ്യർ നിർദ്ദേശിച്ചതും ഗുരുമുഖത്തു നിന്ന് അനുമതി കിട്ടിയതും. ചികിത്സയ്ക്കായി വെള്ളിയിൽ വസ്തിയന്ത്രം പ്രത്യേകം നിർമ്മിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം വൈദ്യർ യന്ത്രം പട്ടിൽ പൊതിഞ്ഞു മകൻ രാഘവൻ വൈദ്യർക്ക് കൈമാറി. രാഘവൻ വൈദ്യരുടെ വിയോഗത്തിനു ശേഷം മകൻ ഡോ.സുരേഷ് ആദരവോടെയാണ് വസ്തിയന്ത്രം സൂക്ഷിക്കുന്നത്. ജ്വരം, അതിസാരം, തിമിരം, തലവേദന, വയറുവേദന തുടങ്ങിയ വ്യാധികൾക്ക് സ്ഥായിയായ ശമനം ഉണ്ടാക്കാനും ജരാനരകളെ നശിപ്പിച്ച് യൗവ്വനം നിലനിറുത്താനുമാണ് ആയുർവേദത്തിലെ വിശേഷപ്പെട്ട വസ്തി ചെയ്യുന്നത്.
പാണാവള്ളിയിലെ പ്രശസ്ത ഈഴവ തറവാടായ ചിറ്റയിൽ കുടുംബത്തിലാണ് കൃഷ്ണൻ വൈദ്യർ ജനിച്ചത്. ചേർത്തല കടക്കരപ്പള്ളി കൊച്ചിയാശാനിൽ നിന്നും പാണാവള്ളി കരുപ്പുരത്തി രാമകൈമളിൽ നിന്നും സംസ്കൃതത്തിൽ പാണ്ഡിത്യം നേടി. തുടർന്ന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലെ മൂത്ത കോയിത്തമ്പുരാനിൽ നിന്നു ആയുർവേദം പഠിച്ചു. അക്കാലത്ത് അലോപ്പതി ചികിത്സാരംഗത്തെ പ്രമുഖനായിരുന്ന വൈക്കം ആശുപത്രിയിലെ ഡോ.പെരുമാൾ പിള്ളയിൽ നിന്നു ശസ്ത്രക്രിയയും വശത്താക്കി.
കരപ്പുറത്ത് ചികിത്സ തുടങ്ങിയതോടെ, അന്യ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ വൈദ്യരെ തേടിയെത്തി. നാട്ടിൻ പുറങ്ങളിലെ വൈദ്യന്മാർ ചെയ്യാൻ മടിച്ചിരുന്ന പഞ്ചകർമ്മ ചികിത്സ തുടങ്ങിയതോടെ തിരക്കേറി. മട്ടാഞ്ചേരി,കോട്ടയം, എറണാകുളം, കൊല്ലം, വർക്കല എന്നിവിടങ്ങളിൽ ചികിത്സാലയങ്ങൾ ആരംഭിച്ചു. 'കേരളകൗമുദി' സ്ഥാപകൻ സി.വി.കുഞ്ഞിരാമനുമായി അടുത്ത സൗഹൃദത്തിലായിരുന്നു കൃഷ്ണൻ വൈദ്യർ. ആയുർവേദത്തിന്റെ പ്രചാരണത്തിനായി വൈദ്യമഞ്ജരിയിലും മറ്റ് ആനുകാലികങ്ങളിലും ലേഖനങ്ങൾ പതിവായി എഴുതിയിരുന്നു. 1988ൽ പ്രസിദ്ധീകരിച്ച വസ് പ്രദീപവും, കാന്തോപദേശവും, സ്നേഹ പാനവിധിയും ഉൾപ്പെടെയുള്ള കൃതികൾ ആയുർവേദം കൈകാര്യം ചെയ്യുന്നവർക്ക് റഫറൻസ് ഗ്രന്ഥങ്ങളാണ്.
 മഹാസമാധിയിലും ഒപ്പം
വർക്കലയിൽ സ്ഥാപിച്ച ഭേഷജകല്പവല്ലി വൈദ്യശാലയാണ് ശിവഗിരി മഠവുമായി വൈദ്യർക്ക് അടുപ്പമുണ്ടാക്കിയത്.അത് മഹാസമാധി വരെ തുടരാൻ ഭാഗ്യം ലഭിച്ചു. ഗുരുവിൽ നിന്നു പട്ടും വളയും സമ്മാനമായി ഏറ്റുവാങ്ങി. മൂന്ന് പ്രാവശ്യം പ്രജാസഭ അംഗമായിരുന്നു. സമാധിയോടനുബന്ധിച്ച് ശിവഗിരിയിൽ താമസിച്ചു ചികിത്സിക്കാനും ശുശ്രൂഷിക്കാനും വൈദ്യർക്കു കഴിഞ്ഞു. കൃഷ്ണൻ വൈദ്യരുടെ സ്മരണാർത്ഥം നിർമ്മിച്ച സി.കെ.വി ആശുപത്രിയോടൊപ്പം തുല്യ പ്രാധാന്യത്തോടെ ഗുരുമന്ദിരവും പിൻമുറക്കാർ പരിപാലിക്കുന്നുണ്ട്.