ഹരിപ്പാട്: കരുവാറ്റ സർവീസ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് ഹരിപ്പാട്, അടൂർ സ്വദേശികൾ പൊലീസിന്റെ പിടിയിലെന്ന് സൂചന. തിരുവനന്തപുരം സ്വദേശിയായ മുഖ്യസൂത്രധാരൻ ഒളിവിലാണെന്നുമാണ് വിവരം.

ഹരിപ്പാട് സി.ഐ ആർ.ഫയാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് മാസം മുതൽ പ്രതികൾ കവർച്ചയ്ക്കായി ഒരുക്കങ്ങൾ നടത്തിയിരുന്നു. അടൂരിൽ നിന്നു മോഷ്ടിച്ച സിലിണ്ടർ ഉപയോഗിച്ചാണ് ഗ്യാസ് കട്ടർ പ്രവർത്തിപ്പിച്ചത്.

ദേശീയപാതയിൽ കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോക്കറിൽ നിന്നാണ് നാല് കിലോ സ്വർണവും നാല് ലക്ഷം രൂപയും കവർന്നത്. നാല് ദിവസത്തെ ഓണാവധിക്ക് ശേഷം സെപ്തംബർ മൂന്നിന് രാവിലെ സെക്രട്ടറി ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിലാണ് വൻകവർച്ച വെളിപ്പെട്ടത്.