ഒറ്റ കോളിൽ ഡോക്ടർ മുന്നിലെത്തും
ഇ- സഞ്ജീവിനി ടെലികൺസൾട്ടേഷൻ സർവീസ് റെഡി
ആലപ്പുഴ: ഒന്ന് തുമ്മിയാൽ ആശുപത്രിയിലേക്ക് ഒാടുന്ന മലയാളിക്ക് പണികിട്ടിയ പോലെയാണ്. കൊവിഡാണ് വില്ലൻ റോളിലെത്തിയത്. ഒരു വിധത്തിൽ നല്ലതാണെങ്കിലും ഡോക്ടറെ കാര്യമായി കാണേണ്ടവരാണ് കുടുങ്ങുന്നത്. ഫോണിലൂടെ ബന്ധപ്പെടാമെങ്കിലും അത് പലർക്കും വേണ്ട തൃപ്തി നൽകില്ല. ഇതിനൊരു പരിഹാരമായി ഒറ്റ വിരലമർത്തലിൽ രോഗികൾക്ക് മുന്നിലെത്തുകയാണ് ഡോക്ടർ.
കേന്ദ്ര സർക്കാരിന്റെ ടെലി കൺസൾട്ടേഷൻ സർവീസാണ് ഇതിന് വഴിയൊരുക്കുന്നത്. രാജ്യത്ത് ലക്ഷക്കണക്കിന് ജനങ്ങൾ ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും കേരളത്തിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല ഈ സംവിധാനം. ജില്ലയിൽ ഇതേക്കുറിച്ച് അറിയുന്നവർ ചുരുങ്ങും.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഇ- സഞ്ജീവിനി വൈബ്സൈറ്റിൽ കയറിയാൽ സേവനം ലഭ്യമാകും. കൺസൾട്ടേഷൻ ഫീസില്ല. രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സൗജന്യമായാണ് സമയം. വൈബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ രോഗിക്ക് രജിസ്റ്റർ ചെയ്ത മൊബൈലിൽ ഡോക്ടർ ലൈവിൽ വരുമെന്ന അറിയിപ്പ് ഉണ്ടാകും. അറിയിപ്പ് ലഭിച്ച് 15 മിനിട്ടുനുള്ളിൽ ഡോക്ടറുടെ സേവനം ലഭ്യമാകും. രോഗിക്ക് ഡോക്ടറെ നേരിട്ട് കണ്ട് സംസാരിക്കാം. കൊവിഡ് കാലമായതിനാൽ കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോയെന്ന ചോദ്യമാണ് ആദ്യം. പിന്നീട് രോഗ വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ ചികിത്സയും രോഗിക്ക് മരുന്നിന്റെ കുറുപ്പടിയും ലഭ്യമാക്കും. ഭാഷാ പ്രശ്നം പരിഹരിക്കുവാൻ ഒാരോ സംസ്ഥാനത്തെ രോഗിക്കും അതത് സംസ്ഥാനത്തുള്ള ഡോക്ടർമാരാണ് ലൈവിൽ എത്തുന്നത്. രോഗത്തിന്റെ വ്യാപ്തികൂടുതലാണെങ്കിൽ മാത്രം ആശുപത്രി സന്ദർശിച്ചാൽ മതിയാകും.മൊഹാലിയിലെ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടറിംഗ് ആണ് ഈ പ്ലാറ്റ്‌ഫോം വികസിപ്പിച്ചിരിക്കുന്നത്. വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ഈ സംവിധാനം ഉപയോഗപ്പെടുത്താം.
.........
 ഇ-സഞ്ജീവിനി
വെബ് സൈറ്റിൽ കയറാൻ
ഇ-സഞ്ജീവനി നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. ഇ-സഞ്ജീവിനി വെബ്സൈറ്റിൽ കയറുവാൻ ആദ്യം പ്ലേ സ്റ്റോറിൽ നിന്നും ഇതിനുള്ള ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണം. അല്ലെങ്കിൽ ഇ-സഞ്ജീവിനി എ.ഡി.പി എന്ന് ടൈപ്പ് ചെയ്താൽ വെബ് സൈറ്റ് ലഭിക്കും. ഇതിൽ രോഗിയുടെ പേര്, വിലാസം, ഫോൺ നമ്പർ, സംസ്ഥാനം ,ജില്ല എന്നിവ രേഖപ്പെടുത്തി കഴിഞ്ഞാൽ ടോക്കൺ നമ്പർ, പാസ് വേഡ്, ലോഗിൻ എെ.ഡി എന്നിവ ലഭിക്കും. രോഗ സ്ഥിതി അനുസരിച്ച് ജനറൽ/സൂപ്പർ സ്പെഷ്യാലിറ്റി എന്നീ വിഭാഗങ്ങൾ ഉണ്ടാകും. സാധാരണ അസുഖങ്ങൾക്ക് ജനറൽ വിഭാഗം സെലക്ട് ചെയ്താൽ മതി.
# esanjeevaniopd.in/kerala
# SanjeevaniOPD
..........
 ദിശയിലേക്കും
ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്ക് ആശുപത്രിയിൽ പോകാതെ തന്നെ ചികിത്സ ഉറപ്പുവരുത്താം.
ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. വീഡിയോ കോൺഫറൻസ് വഴി നേരിട്ട് ഡോക്ടറോട് സംസാരിക്കാം. ഡോക്ടറെ കാണാൻ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 / 0471-2552056 നമ്പറിൽ ബന്ധപ്പെടാം.
..................
'' ജില്ലയിൽ ഇ-സഞ്ജീവിനി സംവിധാനം ഉപയോഗിക്കുന്നവർ കുറവാണ്. കൊവിഡ് വ്യാപനകാലത്ത് ആശുപത്രി സന്ദർശനം ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പ്രവർത്തനം. നമുക്ക് താത്പര്യമുള്ള ഡോക്ടറെ തന്നെ എപ്പോഴും ലഭിക്കില്ലെന്നതാണ് ഈ സംവിധാനത്തിന്റെ ഒരു ന്യൂനത.
ഇ-സഞ്ജീവിനി
ജില്ലാ ഓഫീസ് അധികൃതർ