
ആലപ്പുഴ: കൊവിഡ് ഭീതിക്കൊപ്പം അധിക ജോലി ഭാരവും തലയിലായതോടെ തൊഴിലാളികൾക്ക് അധിക വേതനമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി). പ്രതിദിന ഡ്യൂട്ടിക്ക് പുറമേ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ അധിക സമയം ജോലി ചെയ്യേണ്ടി വരുന്നതായാണ് തൊഴിലാളികളുടെ പരാതി. മുൻപ് ഷോപ്പ് അലവൻസ് എന്ന പേരിൽ 480 രൂപ അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ തുക വെട്ടിച്ചുരുക്കി 220 ആക്കിയെന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി. രാവിലെ 9 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് മദ്യശാലകളുടെ പ്രവർത്തന സമയം. എന്നിരുന്നാലും ഷോപ്പിനുള്ളിലെ ജീവനക്കാരുടെ ജോലി അധിക മണിക്കൂറുകളിലും തുടരേണ്ടതുണ്ട്. സ്റ്റോക്ക് ക്ലിയറൻസ്, കളക്ഷൻ തിട്ടപ്പെടുത്തൽ തുടങ്ങിയ ജോലികൾ പൂർത്തീകരിച്ചശേഷമേ, ജോലി അവസാനിക്കുകയുള്ളൂ. ദിവസവും നൂറ് കണക്കിന് ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്ന മദ്യശാല ജീവനക്കാർക്ക് അടിയന്തരമായി കൊവിഡ് ടെസ്റ്റ് നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംഘടനാ ഭാരവാഹികൾ ബീവറേജ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർക്കും, കൺസ്യൂമർ ഫെഡറേഷൻ പ്രസിഡന്റിനും കത്തുകളയച്ചെങ്കിലും നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. 144 നിലനിൽക്കുമ്പോഴും സാമൂഹിക അകലം ഉറപ്പുവരുത്താൻ കഴിയാത്ത നിലയിലാണ് മിക്ക ദിവസങ്ങളിലും ഔട്ട്ലെറ്റുകളുടെ പ്രവർത്തനം. മാസ്ക്ക് ധരിക്കുന്നുണ്ടെങ്കിലും, പലപ്പോഴും ഉപഭോക്താക്കളുമായി അടുത്ത് ഇടപഴകേണ്ടിവരാറുണ്ട്. കഴിഞ്ഞ ദിവസം പ്രവൃത്തി സമയം കഴിഞ്ഞതിനാൽ മദ്യം നൽകാതിരുന്ന കൊല്ലം ചവറ ഔട്ട്ലെറ്റിലെ ജീവനക്കാരനെ ഉപഭോക്താവ് ഉപദ്രവിക്കുകയും ജീവനക്കാരന്റെ കണ്ണിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ നിരവധി പ്രതികൂല സാഹചര്യത്തിൽ പ്രവൃത്തിക്കുന്ന ജീവനക്കാർക്ക് അധിക ജോലിക്ക് അധിക വേതനം ഉറപ്പ് വരുത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
............................
ജില്ലയിൽ 200 ഓളം മദ്യവ്യവസായ തൊഴിലാളികൾ
ഔട്ട്ലെറ്റുകൾ(ജില്ലയിൽ)
കൺസ്യൂമർഫെഡ് - 2
കെ.എസ്.ബി.സി - 20
വെയർഹൗസ് - 1
പ്രതിമാസ ശമ്പളം
സി വൺ ₹ 45000-48000
സി 2, സി 3 ₹ 30050
ഓണത്തിന് കിട്ടിയ ബോണസ് : ₹85,000
കൊവിഡ് കാലത്ത് അധിക ജോലി ഭാരമാണ് ഔട്ട്ലെറ്റുകളിലെ ജീവനക്കാർ അനുഭവിക്കുന്നത്. ഷോപ്പ് അലവൻസ് പകുതിയായി വെട്ടിച്ചുരുക്കിയ തീരുമാനം അംഗീകരിക്കാനാവില്ല. ജോലിക്ക് തക്കതായ വരുമാനം ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നിരവധി തവണ അഭ്യർത്ഥിച്ചിട്ടും ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുന്ന ഔട്ട്ലെറ്റ് ജീവനക്കാർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള നടപടി ബീവറേജസ് കോർപ്പറേഷനോ, കൺസ്യൂമർ ഫെഡോ കൈക്കൊണ്ടിട്ടില്ല
- ബാബു ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി, വിദേശമദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി)