ആലപ്പുഴ: പൊതു ഗതാഗതരംഗത്ത് സംസ്ഥാനം കടന്നുപോയത് വലിയ നേട്ടങ്ങളിലൂടെയെന്ന് മുഖ്യമന്ത്റി പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്റിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 5000 റോഡുകളുടെ പുനരുദ്ധാരണവും കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തി 14,864 കോടി രൂപയുടെ റോഡ് നവീകരണവും പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് സെമി എലിവേറ്റഡ് ഹൈവേ പദ്ധതി നിർമ്മാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്റി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ഉദ്ഘാടനം.
പ്രളയകാലത്ത് തകർന്ന റോഡുകളുടെ ഉപരിതലം നവീകരിക്കുന്നതിന് വേണ്ടി 1,883 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതികൾ തടസമില്ലാതെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ ശ്രദ്ധിക്കുന്നു. നബാർഡിന്റെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.
കേരളത്തിലെ 98 ശതമാനം റോഡുകളും ഗതാഗത യോഗ്യമാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 9,530 കിലോമീറ്ററോളം റോഡുകൾ പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കി. 1451 കോടി രൂപ മുടക്കി 189 റോഡുകൾ മൂന്നുമാസത്തിനകം ഗതാഗതത്തിന് തുറക്കും. 158 കിലോമീറ്റർ കെ.എസ്.ടി.പി റോഡ്, കുണ്ടന്നൂർ, വൈറ്റില ഫ്ളൈ ഓവർ ഉൾപ്പടെ 21 പാലങ്ങൾ, 671 കോടിയുടെ കിഫ്ബി പദ്ധതികൾ എന്നിവയുടെ നിർമാണം ഉടൻ പൂർത്തിയാകും. കോവളം-ബേക്കൽ ജലപാതയും ഉടൻ ഗതാഗത യോഗ്യമാകും.
എ.സി റോഡിൽ കുറച്ച് ദൂരത്തിൽ മാത്രം വെളളപ്പൊക്കമുണ്ടായ ഭാഗങ്ങളിൽ നിലവിലെ റോഡ് അധികം ഉയർത്താതെ റോഡിന് കുറുകെയുള്ള നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടി ഒമ്പത് സ്ഥലങ്ങളിൽ ക്രോസ് വേ നൽകിയിട്ടുണ്ട്. റോഡ് നവീകരിക്കുന്നതിന് മെയിന്റനൻസ് തുക ഉൾപ്പെടെ 671.66 രൂപയാണ് ചെലവ് വരുന്നത്. പൂർത്തീകരണത്തിന് 30 മാസം സമയ പരിധിയാണ് കണക്കാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്റി പറഞ്ഞു.
മന്ത്റി ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.
എ.എം.ആരിഫ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ചങ്ങനാശ്ശേരി മുനിസിപ്പൽ ചെയർമാൻ സാജൻ ഫ്രാൻസിസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, കെ.എസ്.ടി.പി.ചീഫ് എൻജിനിയർ ഡാർലിൻ കാർമലിറ്റ ഡിക്രൂസ്, ബ്റിഡ്ജസ് വിഭാഗം ചീഫ് എൻജിനിയർ എസ്.മനോമോഹൻ, നിരത്ത് വിഭാഗം ചീഫ് എൻജിനിയർ അജിത്ത് രാമചന്ദ്രൻ, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ ബി.വിനു, കയർ കോർപറേഷൻ മുൻ ചെയർമാൻ ആർ.നാസർ എന്നിവർ പ്രസംഗിച്ചു.