ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താത്പര്യമാണ് എ.സി.റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രിയാവും മുമ്പ് ഒരിക്കൽ കുട്ടനാട് വഴി സഞ്ചരിച്ചപ്പോൾ എ.സി.റോഡ് നവീകരിക്കുന്നതിനെക്കുറിച്ച് അദ്ദേഹം തന്നോടു സംസാരിച്ചിരുന്നതും സുധാകരൻ ഓർത്തെടുത്തു.
എ.സി റോഡ് പുനർനിർമ്മാണ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
എ. സി. റോഡിനെ ദീർഘകാല അടിസ്ഥാനത്തിൽ വെള്ളപ്പൊക്ക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിനായി റീബിൽഡ് കേരളാ ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുവാൻ മുഖ്യമന്ത്റി പിണറായി വിജയൻ മുൻകൈയ്യെടുക്കുകയായിരുന്നു.
2018-ലെ പ്രളയത്തിന് ശേഷം 11 കോടി രൂപ ചെലവഴിച്ച് എ. സി റോഡിന്റെ താഴ്ന്ന പ്രദേശങ്ങൾ ഉയർത്തുകയും ഏഴുമീറ്റർ വീതിയിൽ കളർകോട് മുതൽ പെരുന്ന വരെ ബി.സി. ഓവർലേ ചെയ്യുകയുമുണ്ടായി. ഇപ്പോൾ റോഡ് മികച്ച രീതിയിലാണ് ഉള്ളത്. ഇനിയൊരു വെള്ളപ്പൊക്കം റോഡിനെ ബാധിക്കാതിരിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് . പൊതുമരാമത്ത് വകുപ്പിന്റെ ഏറ്റവും മികച്ച നിർമാണങ്ങളിലൊന്നായിരിക്കും പുനർനിർമ്മിക്കുന്ന എ.സി.റോഡ്. കരാറെടുത്തിട്ട് ഒരു നുള്ള് മണ്ണ് പോലും ഇടാതെ പണം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്ന ചില കരാറുകാരുണ്ട്.തുടങ്ങി വച്ച പല നിർമ്മാണങ്ങളും പാതി വഴിയിൽ നിലയ്ക്കാൻ കാരണം ഇത്തരം കരാറുകാരാണ്. അത്തരക്കാർക്കെതിരെ നടപടി എടുത്തു തുടങ്ങിയിട്ടുണ്ട്. പണി വേഗത്തിൽ തീർക്കാനാണ് ഊരാളുങ്കൽ ലേബർ സംഘത്തെപ്പോലുള്ള കമ്പനിക്ക് എ.സി റോഡിന്റെ കരാർ നൽകിയത്. സംസ്ഥാനത്ത് 400 ഓളം പാലങ്ങളുടെ പണി വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുകയാണെന്നും മന്ത്രി സുധാകരൻ പറഞ്ഞു.
എ.സി.റോഡിന് വീതി കൂടും
നവീകരിക്കുന്ന റോഡിനും ഫ്‌ളൈഓവറിനും വാഹന ഗതാഗതത്തിന് 10 മീറ്റർ വീതിയുള്ള രണ്ടു വരി പാതയും ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 13 മീറ്റർ മുതൽ 14 മീറ്റർ വരെ വീതിയുണ്ടാകും. 20 കിലോമീറ്ററിൽ മൂന്നുതരത്തിലുള്ള നിർമാണ രീതിയാണ് അവലംബിക്കുന്നത്. ഒന്നാമത്തേത് 2.9 കി. മി, ബി. എം, ബി. സി. മാത്രം ചെയ്ത് റോഡ് ഉയർത്തുന്നതും രണ്ടാമത്തേത് 8.27 കി. മി. ജീയോടെക്സ്റ്റൈൽ ലെയർ കൊടുത്തുള്ള മെച്ചപ്പെടുത്തലും മൂന്നാമത്തേത് 9 കി. മി. ജിയോ ഗ്റിഡും കയർ ഭൂവസ്ത്റത്താൽ എൻകേസ് ചെയ്ത സ്റ്റോൺകോളവും ഉപയോഗിച്ചുളള ബലപ്പെടുത്തലുമാണ് അവലംബിച്ചിരിക്കുന്നത്.
എല്ലാവർഷവും മൺസൂൺ സമയത്ത് റോഡിൽ വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന് അഞ്ച് സ്ഥലങ്ങളിൽ ഫ്‌ളൈ ഓവർ നിർമിക്കും. ഒന്നാംകര പാലത്തിനും മങ്കൊമ്പ് ജംഗ്ഷനും ഇടയിൽ 370 മീറ്ററും മങ്കൊമ്പ് ജംഗ്ഷനും മാങ്കാവ് കലുങ്കിനും ഇടയിൽ 440 മീറ്ററും മങ്കൊമ്പ് തെക്കേക്കര ഭാഗത്ത് 240 മീറ്ററും ജ്യോതിജംഗ്ഷനും പറശ്ശേരി പാലത്തിനും ഇടയിൽ 260 മീറ്ററും പൊങ്ങ കലുങ്കിനും പണ്ടാരക്കളത്തിനും ഇടയിൽ 485 മീറ്ററും നീളത്തിലാണ് ഫ്‌ളൈ ഓവറുകൾ ക്റമീകരിക്കുക. ഫ്‌ളൈ ഓവറുകളുടെ നീളം 1.785 കിലോമീറ്റർ ആണ്.