t

 കരുതൽ കാമ്പയിനിൽ 58.28 ലക്ഷത്തിന്റെ വിറ്റുവരവ്

ആലപ്പുഴ: കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 'കരുതൽ' കാമ്പയിനിലൂടെ ജില്ലയിൽ നടന്നത് 58.28 ലക്ഷത്തിന്റെ വിറ്റുവരവ്. 390 സൂക്ഷ്മ സംരംഭങ്ങളിൽ നിന്നും 86 കൃഷി സംഘങ്ങളിൽ നിന്നുമായി 17,390 കിറ്റുകളാണ് ജില്ലയിൽ ഇതു വരെ വിറ്റത്.
ഒാണക്കാലത്ത് ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്തി അധിക വരുമാനം നേടാനാണ് പദ്ധതി ആവിഷ്കരിച്ചത്. കൊവിഡ് ലോക്ക് ഡൗണിനെത്തുടർന്ന് നഷ്ടം നേരിടേണ്ടി വന്ന കുടുംബശ്രീ സംരംഭകർക്കും കൃഷിസംഘങ്ങൾക്കും ആശ്വാസമേകാനായിരുന്നു കാമ്പയിൻ. സംരംഭകരെയും കൃഷിസംഘാംഗങ്ങളെയും പ്രോത്സാഹിപ്പിക്കാനും പ്രശ്നങ്ങൾ നേരിട്ട സംരംഭങ്ങൾ പുരനരുജ്ജീവിപ്പിക്കാനുമായി നടത്തിയ ഇ - ഉത്പന്ന വിപണന കാമ്പയിൻ മുഖേന ഉത്പന്നങ്ങൾക്ക് വിപണി കണ്ടെത്താനും അധിക വരുമാനം നേടാനും സാധിച്ചു. കാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ സംരംഭകരിൽ നിന്ന് ഉത്പന്നങ്ങളുടെ വിലവിവരങ്ങൾ ജില്ലാ കുടുംബശ്രീ ടീമുകൾ ശേഖരിച്ച് സി.ഡി.എസുകളെ അറിയിച്ചു. കിറ്റുകൾ വേണ്ട അയൽക്കൂട്ട അംഗങ്ങളുടെ ആവശ്യകത പട്ടിക അതത് അയൽക്കൂട്ടങ്ങളും ശേഖരിച്ചു. അയൽക്കൂട്ടങ്ങളിൽ നിന്ന് സി.ഡി.എസുകൾ ഈ പട്ടിക ശേഖരിച്ച് അന്തിമ പട്ടിക തയ്യാറാക്കി ജില്ലാ ടീമിനു നൽകി. കിറ്റുകൾ പായ്ക്ക് ചെയ്ത് 300 മുതൽ 1000 വരെ നിരക്കിലായിരുന്നു വില്പന. കാമ്പയിനിന്റെ നടത്തിപ്പ് സെപ്റ്റംബർ 30 വരെയാണ് ഔദ്യോഗികമായി നിശ്ചയിച്ചിരുന്നതെങ്കിലും ജില്ലയിൽ തുടരുകയാണ്.

.......................

 കിറ്റുകൾ സി.ഡി.എസ് മുഖേന

സൂക്ഷ്മ സംരംഭങ്ങളിൽ നിന്നും കൃഷിസംഘങ്ങളിൽ നിന്നുമുള്ള വിവിധ കാർഷിക, കാർഷികേതര ഉത്പന്നങ്ങൾ തിരഞ്ഞെടുത്ത് ശേഖരിച്ചാണ് ജില്ലാ മിഷനുകളുടെയും സി.ഡി.എസുകളുടെയും നേതൃത്വത്തിൽ കിറ്റുകൾ തയ്യാറാക്കിയത്. ഈ കിറ്റുകൾ സി.ഡി.എസുകൾ മുഖേന അയൽക്കൂട്ടങ്ങളിലേക്ക് എത്തിച്ചു. അയൽക്കൂട്ടങ്ങൾ തങ്ങളുടെ ആന്തരിക സമ്പാദ്യത്തിൽ നിന്നാണ്‌ സി.ഡി.എസിന് കിറ്റുകളുടെ തുക നൽകുന്നത്. കിറ്റുകൾ വാങ്ങിയ അയൽക്കൂട്ടാംഗങ്ങൾ പരമാവധി 20 തവണകളായി കിറ്റിന്റെ തുക അയൽക്കൂട്ടത്തിൽ തിരികെ അടയ്ക്കും. ഈ രീതിയിലായിരുന്നു കാമ്പയിൻ പ്രവർത്തനം നടന്നത്.

.............................

ക്യാമ്പ് സംരംഭകർക്ക് സഹായമായിരുന്നു പദ്ധതി. കുടുംബശ്രീ അംഗങ്ങളുടെ മികച്ച ഉത്പന്നങ്ങൾ ഒാണക്കാലത്ത് അയൽക്കൂട്ട അംഗങ്ങൾക്കും പൊതുജനങ്ങൾക്കും ലഭ്യമാക്കാനും ഇതിലൂടെ കഴിഞ്ഞു. മിതമായ നിരക്കാണ് കിറ്റുകൾക്ക് ഏർപ്പെടുത്തതിയത്. പ്രതീക്ഷതിനേക്കാൾ ക്യാമ്പ് വിജയം കൈവരിച്ചു.

(ജില്ലാ കുടുംബശ്രീ അധികൃതർ)