ആലപ്പുഴ: നീണ്ടകാത്തിരിപ്പിനൊടുവിൽ പുന്നമടക്കായലിൽ വീണ്ടും ഹൗസ് ബോട്ടുകൾ ഓടിത്തുടങ്ങി. വിനോദസഞ്ചാര മേഖലയിൽ പ്രവർത്തനത്തിന് അനുമതി ലഭിച്ച ആദ്യ ദിവസം പത്തോളം ഹൗസ് ബോട്ടുകൾക്കാണ് ഓട്ടം ലഭിച്ചത്. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പുന്നമട ഫിനിഷിംഗ് പോയിന്റിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി. കൊവിഡ് കാലത്ത് ചെക്ക് ഇൻ പോയിന്റുകൾ ഫിനിഷിംഗ് പോയിന്റിലും, പള്ളാത്തുരുത്തിയിലും മാത്രമായി ചുരുക്കും. ഓരോ പോയിന്റിലും തെർമൽ സ്കാനർ പരിശോധന, ഹാൻഡ് വാഷ്, സാനിട്ടൈസർ എന്നിവ ഉറപ്പാക്കും. ഹോട്ടലുകളിൽ നേരത്തെ തന്നെ സഞ്ചാരികൾക്ക് അനുമതി നൽകിത്തുടങ്ങിയിരുന്നു. ആയുർവേദ തിരുമ്മൽ കേന്ദ്രങ്ങളുടെയടക്കം പ്രവർത്തനങ്ങൾ ഏത് തരത്തിൽ വേണമെന്നത് സംബന്ധിച്ച് ഇന്ന് ജില്ലാ കളക്ടറുമായി ഡി.ടി.പി.സി അധികൃതർ ചർച്ച നടത്തും. ഹൗസ് ബോട്ട് യാത്രയിൽ പുലർത്തേണ്ട മാർഗ്ഗനിർദ്ദേശങ്ങളും പ്രഖ്യാപിക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് മാത്രമേ സ‌ഞ്ചാരികളെ കടത്തി വിടൂ. ഹൗസ് ബോട്ട് യാത്ര ബുക്ക് ചെയ്യാൻ ഉത്തരേന്ത്യയിൽ നിന്നടക്കം നിരവധിയാളുകളാണ് വിളിക്കുന്നതെന്ന് ബോട്ടുടമകൾ പറയുന്നു. യാത്രാപ്രിയരും വ്ലോഗർമാരുമാണ് ഇവരിലധികവും. കുട്ടികൾക്ക് റിവേഴ്സ് ക്വാറന്റൈൻ ബാധകമായതിനാൽ യാത്രയ്ക്ക് കുടുംബങ്ങൾ അധികമായി എത്തുമെന്ന് പ്രതീക്ഷയില്ല. സഞ്ചാരികൾ എത്തിത്തുടങ്ങിയാൽ ഹൗസ്ബോട്ട് അനുബന്ധ മേഖലയിലുള്ളവരും പ്രതിസന്ധികളിൽ നിന്ന് കരകയറാമെന്ന പ്രതീക്ഷയിലാണ്.

......................

കൊവിഡ് പ്രോട്ടോക്കാൾ പ്രകാരമായിരിക്കും ഹൗസ്ബോട്ട് സഞ്ചാരമടക്കം വിനോദസഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾക്ക് അനുമതി നൽകുക. ഇത് സംബന്ധിച്ച് ജില്ലാ കളക്ടറുമായും, ഹൗസ് ബോട്ട് ഉടമകളുമായി വിശദമായ ചർച്ച നടത്തും. കായൽ സവാരി സംബന്ധിച്ച അന്വേഷണങ്ങൾക്കായി നിരവധിപ്പേരാണ് വിളിക്കുന്നത് - എം.മാലിൻ, ഡി.ടി.പി.സി സെക്രട്ടറി

....................

രണ്ട് ചെക്ക് ഇൻ പോയിന്റുകൾ മാത്രം

യാത്രക്കാർ നിൽക്കുന്ന സ്ഥലം അറിയിച്ചാൽ ബോട്ട് അവിടെയെത്തി സഞ്ചാരികളെ കയറ്റുന്ന പതിവ് രീതി ഇനി അനുവദിക്കില്ല. ഫിനിഷിംഗ് പോയിന്റും, പള്ളാത്തുരുത്തിയും മാത്രമാണ് അംഗീകൃത ചെക്ക് ഇൻ പോയിന്റുകൾ. ഇവിടെ തെർമൽ സ്കാനർ പരിശോധന ഉൾപ്പടെ എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ യാത്രക്കാർക്ക് ബോട്ടിനുള്ളിൽ പ്രവേശനം അനുവദിക്കൂ.