ആലപ്പുഴ: 'പുതിയ കേരളം പുതിയ നിർമ്മാണം' എന്ന ലക്ഷ്യം ഏ​റ്റെടുത്ത് മുന്നോട്ട് പോകുന്ന പൊതുമരാമത്ത് വകുപ്പിന് സംസ്ഥാനത്തെ വികസന മുരടിപ്പ് അവസാനിപ്പിച്ച് വലിയ മാ​റ്റങ്ങൾ സൃഷ്ടിക്കാൻ സാധിച്ചെന്ന് മന്ത്റി ജി സുധാകരൻ പറഞ്ഞു. ചെങ്ങന്നൂർ പുത്തൻകാവ് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്റി.

നാലേകാൽ വർഷം കൊണ്ട് 517ഓളം പാലങ്ങളുടെ നിർമ്മാണം ആരംഭിക്കുവാനും 25 ശതമാനം പാലങ്ങൾ കമ്മീഷൻ ചെയ്യാനും പൊതുമരാമത്ത് വകുപ്പിന് സാധിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിൽ തന്നെ എഴോളം പാലങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യാൻ സാധിച്ചു. നിരവധി പാലങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലാകെ പാലങ്ങളുടെ അ​റ്റക്കു​റ്റപണിക്കും മണ്ണ് പരിശോധനയ്ക്കും സർവ്വേയ്ക്കുമായി 150 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിർമ്മാണം നടക്കുന്ന പാലങ്ങളുടെ ജോലികൾ ദ്റുതഗതിയിൽ പൂർത്തീകരിക്കുമെന്നും മന്ത്റി പറഞ്ഞു.
ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ഷിബു രാജൻ, വൈസ് ചെയർപേഴ്‌സൺ വത്സമ്മ എബ്രഹാം, പൊതുമരാമത്ത് വകുപ്പ് (ബ്രിഡ്ജസ്) ചീഫ് എൻജിനിയർ മനോമോഹൻ, സൂപ്രണ്ടന്റ് എൻജിനിയർ മഞ്ജുഷ വി.ആർ, എക്‌സിക്യൂട്ടീവ് എൻജിനിയർ സിനി തുടങ്ങിയവർ പങ്കെടുത്തു.