
ഹരിപ്പാട്: കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലു കിലോ സ്വർണ്ണവും നാലു ലക്ഷം രൂപയും കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ. ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ മുഖ്യസൂത്രധാരൻ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
പ്രതികൾ കഴിഞ്ഞ മാർച്ച് മുതൽ കവർച്ചയ്ക്കായി ഒരുക്കങ്ങൾ നടത്തിയിരുന്നു. കൊല്ലത്തുനിന്നു മോഷ്ടിച്ച ഒമ്നി വാനിലാണ് മോഷണത്തിന് എത്തിയത്. അടൂരിൽ നിന്നു മോഷ്ടിച്ച ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് കട്ടർ പ്രവർത്തിപ്പിച്ച് ലോക്കർ തകർത്തത്. നാല് ദിവസത്തെ ഓണാവധിക്ക് ശേഷം സെപ്തംബർ മൂന്നിന് രാവിലെ സെക്രട്ടറി ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സാന്നിദ്ധ്യത്തിൽ നടത്തിയ പരിശോധനയിലാണ് വൻകവർച്ച വെളിപ്പെട്ടത്. സെൻട്രൽ ജയിലിലെ മുൻ ശിക്ഷക്കാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റിയുള്ള സൂചന ലഭിച്ചത്.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത്: ഓണത്തിന് ഏഴ് ദിവസത്തോളം ബാങ്ക് അവധി ആയിരുന്നു.
ഈ ദിവസങ്ങളാണ് സംഘം മോഷണത്തിനായി തിരഞ്ഞെടുത്തത്. കൊല്ലത്ത് നിന്ന് ഒമ്നി വാൻ മോഷ്ടിച്ച് അടൂരെത്തി അവിടെ നിന്നു ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച ശേഷം 29ന് രാത്രിയോടെ കരുവാറ്റ ബാങ്കിന് സമീപമെത്തി. ഗ്യാസ് സിലിണ്ടറുകൾ ബാങ്കിന് സമീപത്തെ പെട്ടിക്കടയ്ക്ക് സമീപം ഇറക്കിയശേഷം വാനിൽ പ്രതികൾ ഷൈബുവിന്റെ ഹരിപ്പാട്ടെ വീട്ടിലെത്തി. ഭക്ഷണ ശേഷം ബാങ്കിലെത്തി മുൻ വാതിലിന്റെ പൂട്ട് തകർത്ത് സിലിണ്ടറുകൾ ഉള്ളിലാക്കി വാതിൽ ഉള്ളിൽ നിന്നു പൂട്ടി. തുടർന്ന് ഒരു വശത്തെ ജനൽ കമ്പി അറുത്ത് മാറ്റിയാണ് പുറത്ത് കടന്നതും കയറിയതും.
29 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ രാത്രി സമയത്ത് ഗ്യാസ് കട്ടർ ഉപയോഗിച്ച് ലോക്കർ പൊളിക്കാൻ ശ്രമിക്കുകയും പുലർച്ചെയോടെ ഷൈബുവിന്റെ ബൈക്കിൽ ഹരിപ്പാട്ടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുകയുമായിരുന്നു രീതി. 31ന് രാത്രിയിലാണ് ഒമ്നി വാനിൽ പണവും സ്വർണ്ണവും ഷൈബുവിന്റെ വീട്ടിൽ എത്തിച്ചത്. വീതം വച്ച ശേഷം തൊട്ടടുത്ത ദിവസം മുഖ്യപ്രതി തിരുവനന്തപുരത്തേക്ക് കടന്നു. ഷൈബുവും മുഖ്യപ്രതിയുമാണ് മോഷണത്തിൽ നേരിട്ട് പങ്കെടുത്തത്. ഷിബു വാഹനം മോഷ്ടിക്കാനും ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് ബാങ്കിൽ എത്തിക്കാനും പങ്കെടുത്തു. അപ്പുണ്ണിയ്ക്ക് 154 പവനും (1.23 കിലോ) 30,000 രൂപയുമാണ് നൽകിയത്. ഷിബുവിന് 12 പവനും 40,000 രൂപയും നൽകി. ബാക്കി തുകയും സ്വർണ്ണവുമായാണ് മുഖ്യപ്രതി കടന്നത്. ഒപ്പറേഷൻ ഹോളിഡേ ഹണ്ടേഴ്സ് എന്ന പേരിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്.