
ബാങ്ക് കവർച്ച അന്വേഷണം പൊലീസിന് അഭിമാനം
ഹരിപ്പാട്: 'ഓപ്പറേഷൻ ഹോളിഡേ ഹണ്ടേഴ്സ്' എന്ന ചെല്ലപ്പേരിട്ട് 18 പൊലീസ് ഉദ്യോഗസ്ഥർ 40 ദിവസം നടത്തിയ അക്ഷീണ യത്നത്തിനൊടുവിൽ കരുവാറ്റയിലെ ബാങ്ക് കവർച്ചക്കാർ പിടിയിലായപ്പോൾ, ജ്വലിച്ചുയർന്നത് പൊലീസ് സേനയുടെ അഭിമാനം. അണുവിട തെളിവ് അവശേഷിപ്പിക്കാതെ നടത്തിയ മോഷണമെന്ന വിധത്തിൽ പ്രതികൾ ആത്മവിശ്വാസത്തോടെ കണക്കുകൂട്ടലുകൾ നടത്തവേ, അപ്രതീക്ഷിതമായി കഴുത്തിൽ വീണ കുരുക്ക് അന്വേഷണ സംഘത്തിന്റെ കണക്കുകൾ ശരിയെന്ന് തെളിയിച്ചു.
ജില്ലയിലെ തന്നെ ഏറ്റവും വലിയ മോഷണക്കേസിലെ പ്രതികളാണ് കുടുങ്ങിയത്. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്റെ നേതൃത്വത്തിൽ, ജില്ലയിൽ മുമ്പ് നടന്ന മോഷണ കേസുകളിൽ അന്വേഷണ മികവ് പുലർത്തിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ടീം രൂപീകരിച്ചത്. ബാങ്കിൽ നിന്നു ലഭിച്ച ഗ്യാസ് സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താൻ സംസ്ഥാനത്തുടനീളം അഞ്ഞൂറോളം ഗ്യാസ് ഗോഡൗണുകളിൽ പരിശോധന നടത്തി. ഈ അന്വേഷണത്തിലാണ് അടൂർ പറക്കോട് ഭാഗത്തു നിന്നാണ് ഗ്യാസ് സിലണ്ടർ മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്.
ബാങ്കിലെ സി.സി ടി.വിയും കമ്പ്യൂട്ടറും ഹാർഡ് ഡിസ്കും ഉൾപ്പെടെ മോഷ്ടാക്കൾ അപഹരിച്ചതിനാൽ പറക്കോട്ടെ ഗ്യാസ് ഗോഡൗൺ പരിസരത്തെയും ബാങ്കിന്റെ പരിസരത്തെയും ഉൾപ്പടെ അഞ്ച് കിലോമീറ്റർ ചുറ്രളവിൽ ഏകദേശം 250 ഓളം സി.സി ടി.വികളിലെ പത്ത് ദിവസത്തെ ദൃശ്യങ്ങൾ പരിശോധിച്ചു. ഈ പ്രദേശങ്ങളിൽ ഒരാഴ്ച നടന്ന പത്ത് ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിൽ ബാങ്കിന് സമീപത്ത് സംശയകരമായി കാണപ്പെട്ട നാനൂറോളം ചെറുതും വലുതുമായ വാഹനങ്ങൾ കണ്ടെത്തി പരിശോധിച്ചു. മുമ്പ് സമാന കേസുകളിൽ ഉൾപ്പെട്ട മുൻ ശിക്ഷക്കാരായ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള നിരവധി പേരെ നേരിട്ടും അല്ലാതെയും നിരീക്ഷിച്ചു. ഗ്യാസ് കട്ടറിൽ ഉപയോഗിക്കുന്ന ട്യൂബിന്റെ ഉറവിടം തേടി നാനൂറോളം കടകളും അൻപതോളം കരിങ്കൽ ക്വാറികളും പരിശോധിച്ചു. ഓണത്തിന് ശേഷം സ്വർണ്ണം പണയം വച്ചിട്ടുള്ള അയ്യായിരത്തോളം ആളുകളുടെ ലിസ്റ്റ് പരിശോധിച്ചു. ജില്ലയ്ക്ക് അകത്തും പുറത്തുമായി ഒരു വർഷത്തിനിടെ ജയിലിൽ നിന്നിറങ്ങിയ പ്രതികളെപ്പറ്റിയും അന്വേഷണം നടത്തി.
15 ലക്ഷം ഫോൺ വിളികൾ
എഴുന്നൂറോളം പേരുടെ വിവരങ്ങളും അവരുമായി ബന്ധപ്പെട്ട 15 ലക്ഷത്തോളം ഫോൺ വിളികളും പരിശോധിച്ചു. ഇതിൽ നിന്നാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. തിരുവനന്തപുരം സ്വദേശിയായ, ഒളിവിലുള്ള ഒന്നാം പ്രതിയും രണ്ടാം പ്രതിയായ ഹരിപ്പാട്ട് വാടകയ്ക്ക് താമസിക്കുന്ന ഷൈബുവും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഒന്നിച്ച് തടവ് ശിക്ഷ അനുഭവിച്ചവരാണ്. ഈ പരിചയമാണ് ബാങ്ക് കവർച്ചയിലെത്തിയത്. അന്വേഷണ സംഘത്തിൽ അഡിഷണൽ എസ്.പി എൻ.രാജൻ, കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, മാവേലിക്കര ഐ.എസ്.എച്ച്.ഒ ബി.വിനോദ് കുമാർ, ഹരിപ്പാട് എസ്.എച്ച്.ഒ ആർ.ഫയാസ്, കുറത്തികാട് എസ്.ഐ വി. ബിജു, ഹരിപ്പാട് എസ്.ഐ ജിജിൻ ജോസഫ്, സൈബർസെൽ എസ്.ഐ അജിത്ത്, എസ്.ഐ.എസ്.ടി അംഗങ്ങളായ എസ്.ഐമാരായ നെവിൻ, ഇല്യാസ്, എ.എസ്.ഐ മാരായ മോഹൻ കുമാർ, സന്തോഷ്, സൈബർ സെൽ വിദഗ്ദ്ധൻ എ.എസ്.ഐ സുധീർ, എ.എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒമാരായ ശ്രീകുമാർ, പ്രതാപ് മേനോൻ, ലിമു മാത്യു, ബിനുമോൻ, ഉണ്ണിക്കൃഷ്ണപിള്ള, സി.പി.ഒ മാരായ രാഹുൽ രാജ്, ഷെഫീക്ക്, അരുൺ ഭാസ്കർ, മണിക്കുട്ടൻ, മുഹമ്മദ് ഷാഫി, നിഷാദ്, ഹരികൃഷ്ണൻ, ഷാജഹാൻ, വിബിൻ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.