
എടത്വാ: മഴ കനത്തതോടെ തകഴി കൃഷിഭവൻപരിധിയിൽപ്പെട്ട കേളമംഗലം പോളേപ്പാടത്തെ രണ്ടാം കൃഷിയുടെ വിളവെടുപ്പ് മാറ്റിവെച്ചു. കഴിഞ്ഞ പത്തിന് വിളവെടുപ്പ് തീരുമാനിച്ച് കൊയ്ത് യന്ത്രം എത്തിച്ചിരുന്നു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ മഴ ശക്തി പ്രാപിക്കാൻ സാധ്യത ഉള്ളതിനാൽ വിളവെടുപ്പ് മാറ്റി വെയ്ക്കാൻ പാടശേഖരസമിതി തീരുമാനിക്കുകയായിരുന്നു. 17ന് ശേഷം വിളവെടുപ്പ് നടത്തിയേക്കും. കരാർ അടിസ്ഥാനത്തിൽ ഇറക്കിയ കൊയ്ത് യന്ത്രങ്ങൾ ദിവസങ്ങളായി റോഡിലും പറമ്പിലും വിശ്രമിക്കുകയാണ്. മഴ ശക്തിപ്രാപിച്ചാൽ പാടത്ത് വെള്ളം കെട്ടിക്കിടക്കുകയും കൊയ്തിനെ ബാധിക്കുകയും ചെയ്യും. ഇതോടെ യന്ത്ര കൊയ്തിന് സമയം കൂടുതൽ എടുക്കുകയും, കർഷകൻ ഇരട്ടി വാടക നൽകേണ്ടിവരുകയും ചെയ്യും.