
മാന്നാർ : കരൾ രോഗത്താൽ ദുരിതം അനുഭവിക്കുന്ന ഗൃഹനാഥൻ കരൾ മാറ്റ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നു. മാന്നാർ വലിയകുളങ്ങര ആശാരിശേരിൽ പടീറ്റതിൽ ജയചന്ദ്രൻ (ജയൻ,48) ആണ് ചികിത്സയിലുള്ളത്. കെ.എസ്.ഇ.ബി ജീവനക്കാരനായ ജയന് അസുഖം കാരണം ജോലിയ്ക്ക് പോകാൻ സാധിക്കുന്നില്ല.
ആനുകൂല്യങ്ങളില്ലാത്ത അവധിയിൽ പ്രവേശിച്ചിരിക്കുന്നതിനാൽ നിത്യവൃത്തിയ്ക്ക് പോലും വഴിയില്ലാത്ത അവസ്ഥയിലാണിപ്പോൾ. എട്ട് വർഷമായി കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ജയന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ്. കരൾ മാറ്റ ശത്രക്രിയയിലൂടെ മാത്രമേ രോഗം ഭേദപ്പെടുത്തുവാൻ സാധിക്കുകയുള്ളുവെന്നാണ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർമാർ പറയുന്നത്. ഈ ചികിത്സയ്ക്കായി 22 ലക്ഷം രൂപയോളം വേണ്ടിവരും. ജയന് സ്വന്തമായുള്ള എട്ട് സെന്റ് സ്ഥലവും ചികിത്സാ ആവശ്യങ്ങൾക്കായി കടപ്പെടുത്തിയിരിക്കുകയാണ്. അച്ഛൻ, അമ്മ, ഭാര്യ, രണ്ടു കുട്ടികൾ എന്നിവരടങ്ങുന്ന കുടുംബത്തിന്റ ഏക ആശ്രയം ജയനാണ്. ജോലിയിൽ നിന്നുള്ള വരുമാനം നിലച്ചതോടെ ജയന്റെ മരുന്നും വീട്ടിലെ ചിലവുകളും വഴിമുട്ടിയിരിക്കുകയുമാണ്. ചില സുഹൃത്തുക്കളും ബന്ധുക്കളും നൽകുന്ന ചെറിയ സഹായത്തിലാണ് ഇപ്പോൾ ഈ കുടുംബത്തിന്റെ ജീവിതംമുന്നോട്ടു പോകുന്നത്. അടിയന്തിരമായി ശസ്ത്രക്രിയ നടത്തണം എന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെ സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.അക്കൗണ്ട് വിവരം:ജയചന്ദ്രൻ.എസ്,ഫോൺ നമ്പർ:89215 75254,അക്കൗണ്ട് നമ്പർ:17230100070006,ഐ.എഫ്.എസ്.സി: FDRL0001723,ഫെഡറൽ ബാങ്ക്, പുന്നമൂട് ശാഖ