മാവേലിക്കര: കോവിഡ് കാലഘട്ടത്തിൽ വീട്ടിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ഞായറാഴ്ചകളിൽ വ്യത്യസ്ഥ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ച ക്ലാസുകളും ഒരുക്കി വ്യത്യസ്തത ഒരുക്കുകയാണ് മാവേലിക്കര ഗവ.ഗേൾസ് സ്കൂളിലെ കരിയർ ഗൈഡൻസ് സെൽ. സൺഡേ സ്പാർക് എന്ന പേരിൽ നടത്തുന്ന ഓൺലൈൻ പരിപാടിയിൽ വെബിനാറുകളിലൂടെയാണ് വിവിധ മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ള പ്രഗത്ഭ വ്യക്തിത്വങ്ങളുമായി സംവദിക്കാനും ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുവാനും അവസരം ഒരുക്കുന്നത്.

ഭാരത സർക്കാരിന്റെ ഇന്നൊവേറ്റി​വ് ചലഞ്ചിൽ ഒന്നാമതെത്തുകയും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിംഗ് സർവീസ് പ്രൊവൈഡറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വി-കൺസോൾ സോഫ്റ്റ് വെയർ വികസിപ്പിച്ച ടെക്ജെൻഷ്യയുടെ സാരഥി ജോയ് സെബാസ്റ്റ്യനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. വി-കൺസോൾ സോഫ്റ്റ് വെയറാണ് സ്കൂളിൽ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയും ഭരണ പരിക്ഷകാര കമ്മി​ഷൻ മെമ്പർ സെക്രട്ടറിയുമായ ഷീലാ തോമസ് അ‌ഞ്ചാമത് എപ്പിസോഡിൽ വിദ്യാർത്ഥികളോട് സംസാരിച്ചു. സ്കൂൾ പി.ടി​.എയുടെ മേൽനോട്ടത്തിൽ നടക്കുന്ന പരിപാടിക്ക് പ്രസിഡന്റ് അജിത്.ജി, പ്രിൻസിപ്പൽ കെ.പങ്കജാക്ഷി, ഹെഡ്മാസ്റ്റർ നന്ദകുമാർ.കെ.സി, പി.ടി​.എ വൈസ് പ്രസിഡന്റ് സനില.ബി, കരിയർ ഗൈഡൻസ് സെല്ലിന്റെ ജില്ലാ കോ ഓഡിനേറ്റർ ഡോ.സുനിൽ മാർക്കോസ്, കരിയർ ഗൈഡൻസ് സെല്ല് കോർഡിനേറ്റർ ജിജീഷ് കുമാർ.എം.വി എന്നിവരാണ് നേതൃത്വം നൽകുന്നുത്.