മാന്നാർ: പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിക്കുന്നത് വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുമായി​ സമവായം ഉണ്ടായശേഷം മാത്രമായിരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് കണ്ണാടിശേരിയിൽ അറിയിച്ചു. യൂണിറ്റ് സ്ഥാപിക്കുന്നത് കൊണ്ട് ദോഷവശങ്ങളി​ല്ലെന്ന് പ്രദേശവാസി​കളെ ബോദ്ധ്യപ്പെടുത്തി മാത്രമേ വി​വി​ധ പ്രദേശങ്ങളിൽ യൂണിറ്റ് സ്ഥാപിക്കുകയുള്ളൂ. പഞ്ചായത്ത് ഓഫീസ് അടക്കം വിവിധ ഓഫീസുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങളിൽ ഫുഡ് വേസ്റ്റ് നിർമ്മാർജ്ജനം ചെയ്യുവാൻ സൗകര്യങ്ങൾ ഇല്ലാത്തത് പരിഗണിച്ചാണ് യൂണിറ്റ് സ്ഥാപിക്കാൻ പദ്ധതിയിട്ടിട്ടുള്ളത് . വീടുകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നി​ല്ല. പ്ലാസ്റ്റിക് വലിച്ചെറിയാതെ കഴുകി തരംതിരിച്ചു വൃത്തിയായി സൂക്ഷിക്കുന്ന പ്ലാസ്റ്റിക് ശേഖരിച്ചു കെട്ടുകളാക്കി പ്ലാസ്റ്റിക് സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ
( എം . സി . എഫ് ) ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു വരുന്നു. ഇതുസംബന്ധിച്ച് വീടുകളിലും സ്ഥാപനങ്ങളിലും ബോധവത്കരണം നടത്തും. പ്ലാസ്റ്റിക് ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ വളരെ സജീവമായി നടത്തിവരുന്നു. പ്രദേശവാസികളായ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു പദ്ധതി പോലും പഞ്ചായത്ത് നടപ്പിലാക്കില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.