
ചില നേരത്ത് മൂക്കിൽ അള്ളുന്ന പെരുമാറ്റം. മുന്നിലെത്തുന്നത് രാജാവോ പ്രജയോ എന്ന വ്യത്യാസമില്ല, പണ്ഡിത പാമര വകഭേദവുമില്ല. പറയാനുള്ളത് നല്ല ഒന്നാംതരം ഓണാട്ടുകര ഭാഷയിൽ അങ്ങു കാച്ചും. ക്ഷിപ്രകോപത്തിൽ പരമശിവനാണ് മാതൃകയെന്നു തോന്നും . എങ്കിലും ഏവർക്കും ഇഷ്ടമാണ് മന്ത്രി ജി.സുധാകരനെ. മടിയിൽ തെല്ലും കനിമില്ലെന്നത് പകൽ പോലെ സത്യം. മന്ത്രി പത്നി ജൂബിലി നവപ്രഭയുടെ ഭാഷ കടമെടുത്താൽ ' 916 മാറ്റുള്ള' പൊതുപ്രവർത്തകൻ. പിടിച്ചാൽ പിടിക്കുന്നിടം കൊണ്ടു പോരുകയെന്നതും അദ്ദേഹത്തിന്റെ പ്രത്യേകത. മന്ത്രിയെ വെറുതെ അങ്ങു പുകഴ്‌ത്തുകയല്ല, തക്കതായ കാരണമുണ്ട്.
ആലപ്പുഴ നഗരത്തെയും ഒരു കാലത്ത് മദ്ധ്യകേരളത്തിലെ പ്രധാന വിപണികളിലൊന്നായിരുന്ന ചങ്ങനാശ്ശേരിയെയും ബന്ധിപ്പിക്കുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന് കിട്ടിയിരിക്കുന്ന രാജയോഗമാണ് ഇപ്പോൾ ഇത്രയും പറയാൻ കാരണം. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ജനങ്ങൾക്ക് പോയ് വരവിന് പണ്ടു മുതൽ ആശ്രയമായ പാതയാണിത്. എ.സി റോഡിന്റെ ഒരു വശത്തുകൂടിയുള്ള എ.സി കനാൽ കൂടിയാവുമ്പോൾ മനസിന് ആനന്ദം പകരുന്നതാണ് ഇതുവഴിയുള്ള യാത്രയും. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യേന കടന്നുപോകുന്നത്. പക്ഷെ ഇക്കാലമത്രയും എ.സി റോഡിന്റെ നിറം കെടുത്തിയിരുന്നത് വർഷകാലത്തെ ദുരിതമാണ്. തുടർച്ചയായി കുറച്ചുദിവസങ്ങൾ മഴ പെയ്‌താൽ റോഡിന്റെ മുക്കാൽ ഭാഗവും മുങ്ങും. വാഹന ഗതാഗതം നിലയ്‌ക്കും. വിശാലമായ കുട്ടനാടൻ പാടങ്ങൾക്ക് നടുവിലൂടെ പോകുന്ന റോഡായതിനാൽ എത്ര ഉയർത്തിയാലും റോഡ് അല്പാല്പം താഴ്ന്നു കൊണ്ടുമിരിക്കും. ഓരോ കാലവർഷം കഴിയുമ്പോഴും റോഡിന്റെ കുറെ ഭാഗങ്ങൾ വെള്ളക്കെട്ടാവും. വെള്ളം വലിയുമ്പോൾ മുട്ടുശാന്തിപോലെ കുറെ മണ്ണിട്ട് ടാറു ചെയ്യും. കാര്യങ്ങൾ വീണ്ടും പഴയ പടി.
2018 -ലെ പ്രളയം കുട്ടനാടിനെ പരക്കെ മുക്കിയപ്പോഴാണ് എ.സി റോഡിന്റെ അത്യാവശ്യവും അത് ഗതാഗതം തടസപ്പെടാത്തവിധം ഉയർന്നു നിൽക്കേണ്ടതിന്റെ ആവശ്യകതയും സർക്കാരിനും നന്നെ ബോദ്ധ്യപ്പെട്ടത്. അങ്ങനെയാണ് എ.സി.റോഡ് പുനർനിർമ്മിക്കാനുള്ള ആലോചനകൾ വീണ്ടും ചൂടുപിടിക്കുന്നത്. മന്ത്രി സുധാകരന്റെ സ്ഥിരോത്സാഹം, മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പൂർണ പിന്തുണ, ധനമന്ത്രി തോമസ് ഐസക്കിന്റെ കൈത്താങ്ങ്. എല്ലാം ചേർന്നപ്പോൾ സംസ്ഥാനത്തിന് തന്നെ ഗുണകരമാവുന്ന വലിയൊരു പദ്ധതിക്കാണ് തുടക്കമായത്. വാഹനഗതാഗത സൗകര്യം മാത്രമല്ല, റോഡിന്റെ ഗുണവശം. ആലപ്പുഴയുടെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖലയുടെ സമഗ്രപുരോഗതിക്കും എ.സി റോഡിന്റെ നവീകരണം വലിയ വഴിത്തിരിവാകും.
പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദവി വഹിക്കുന്ന കാലം. ഒരിക്കൽ കോട്ടയത്തെ പാർട്ടി പരിപാടിയിൽ പങ്കെടുത്ത് ആലപ്പുഴ വഴി മടങ്ങുമ്പോൾ ഒപ്പം പിണറായിയുടെ കാറിൽ ജി.സുധാകരനുമുണ്ടായിരുന്നു. കണ്ണെത്താദൂരം പരന്നു കിടക്കുന്ന കുട്ടനാടൻ വയലേലകളുടെ നടുവിലൂടെ, ഹരിതാഭ നുകർന്നുള്ള യാത്ര. സംസാര മദ്ധ്യേ ജി.സുധാകരൻ എ.സി റോഡിന് വർഷകാലത്തുണ്ടാവുന്ന ദുരവസ്ഥയെക്കുറിച്ച് വിശദമാക്കി. രാഷ്ട്രീയപ്രവർത്തനത്തിന്റെ തുടക്കകാലത്ത് കുട്ടനാട് കേന്ദ്രീകരിച്ചു പ്രവർത്തിച്ച അനുഭവ സമ്പത്തും സുധാകരനുണ്ട്. അതോടെ പിണറായിക്കും ബോദ്ധ്യമായി, എ.സി റോഡ് നവീകരിക്കേണ്ടതിന്റെ ആവശ്യകത. ഇപ്പോൾ, റീബിൽഡ് കേരള പദ്ധതി നടപ്പാക്കുന്ന ഘട്ടമെത്തിയപ്പോൾ പിണറായി ഓർത്തു , സുധാകരന്റെ വാക്കുകൾ.
വൻ പദ്ധതിക്ക് തുടക്കം
തിങ്കളാഴ്ച പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 671.66 കോടി ചെലവ് കണക്കാക്കിയിട്ടുള്ള ബൃഹത്പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയും അസർബൈജാൻ കമ്പനിയും സംയുക്തമായാണ് ഏറ്റെടുത്തിട്ടുള്ളത്. ദേശീയപാതയെയും എം.സി റോഡിനെയും പരസ്പരം ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായി ഇത് മാറും. തോട്ടപ്പള്ളി സ്പിൽവെ പാലത്തിൽ ഗതാഗത തടസമുണ്ടായാൽ ഒരു പരിധിവരെ ബദൽ സംവിധാനമായും ഇത് പ്രയോജനപ്പെടും.
കാലാനുസൃതമായ നിർമ്മാണ രീതിയാണ് ഉപയോഗപ്പെടുത്തുന്നത്. സെമി എലിവേറ്റഡ് ഹൈവേ രീതിയിലാണ് നിർമ്മാണം. നവീകരിക്കുന്ന റോഡിന് 10 മീറ്റർ വീതിയുള്ള രണ്ടുവരി പാതയും ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 13 മുതൽ 14 മീറ്റർ വരെ വീതി ഉണ്ടാകും. 20 കിലോമീറ്ററിൽ മൂന്നുതരത്തിലുള്ള നിർമ്മാണ രീതിയാണ് അവലംബിക്കുന്നത്. 2.9 കിലോമീറ്റർ ബി.എം ആൻഡ് ബി.സി മാത്രം ചെയ്ത് റോഡ് നിലനിറുത്തും. രണ്ടാമത്തെ 8.27 കിലോമീറ്റർ ജിയോ ടെക്സ്റ്റൈൽ ലെയർ ഉപയോഗിച്ച് ബലപ്പെടുത്തും. മൂന്നാമത്തെ ഒൻപത് കിലോമീറ്റർ ജിയോഗ്രിഡും കയർ ഭൂവസ്ത്രത്താൽ എൻകേസ് ചെയ്ത സ്റ്റോൺ കോളവും ഉപയോഗിച്ചുള്ള മെച്ചപ്പെടുത്തലുമാണ് അവലംബിക്കുക. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുനർനിർമ്മാണം.
പാലങ്ങൾക്ക് പുതുമോടി
എ.സി റോഡിൽ സുപ്രധാന സ്ഥാനമാണ് കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്കുള്ളത്. ഫുട്പാത്തില്ലാത്തതാണ് വീതി താരതമ്യേന കുറഞ്ഞ ഈ പാലങ്ങളുടെ ഇപ്പോഴത്തെ ന്യൂനത. പുതുക്കുന്ന റോഡിന്റെ ഘടനയ്‌ക്ക് അനുസൃതമായി ഇരുവശങ്ങളിൽ നടപ്പാതകൾ ഉൾപ്പെടുത്തി വീതി കൂട്ടുന്നതാണ് നവീകരണത്തിന്റെ പ്രധാന ഘട്ടം. വെള്ളപ്പൊക്കം ഉണ്ടാകുന്ന ഏറ്റവും താഴ്ന്ന അഞ്ചു സ്ഥലങ്ങളിൽ ഫ്‌ളൈ ഓവർ നിർമ്മിക്കും. ഫ്‌ളൈ ഓവറുകൾക്ക് ആകെ നീളം 1.79 കിലോമീറ്റർ. എ.സി.റോഡിന് കുറുകെയുള്ള നീരൊഴുക്കിന് ഭംഗം വരാതിരിക്കാൻ ചെറുതും വലുതുമായ 82 പാലങ്ങളാണ് തീർക്കുന്നത്. തീർത്തും ശാസ്ത്രീയമാണ് നിർമ്മാണമെന്ന് അർത്ഥം. നിശ്ചയമായും ഇടതുപക്ഷ സർക്കാരിനും അമ്പലപ്പുഴ മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയ്ക്ക് മന്ത്രി ജി.സുധാകരനും ചരിത്രത്തിൽ ഇടം നൽകുന്നതാവും ഈ നിർമ്മാണം.
ഇതുകൂടി കേൾക്കണേ
കരാറെടുത്തിട്ട് സമയത്തിന് പണി തീർക്കാതെ സർക്കാരിന്റെ ഫണ്ട് മറ്റു കാര്യങ്ങൾക്ക് വിനിയോഗിക്കുന്ന കരാറുകാരുടെ പൊള്ളത്തരങ്ങൾ വിളിച്ചു പറയാനും മന്ത്രി സുധാകരൻ എ.സി റോഡ് ഉദ്ഘാടന ചടങ്ങ് അവസരോചിതമായി ഉപയോഗിച്ചു. കമ്പിയും സിമന്റും വിഴുങ്ങി ശീലമായിപ്പോയവർ ഇനി കരാറെടുക്കുന്ന പ്രവൃത്തികളിലെങ്കിലും അത്തരം തന്ത്രം പയറ്റരുത്. വെള്ളം കുടിക്കേണ്ടി വരും.