
പല കേന്ദ്രങ്ങളും നഷ്ടത്തിൽ
ആലപ്പുഴ: അക്ഷയ സെന്റർ ജീവനക്കാർ കൊവിഡ് കെണിയിലായതോടെ പലവിധ സർട്ടിഫിക്കറ്റുകൾ തേടിയെത്തുന്നവർ പെരുവഴിയിൽ. കണ്ടെയ്ൻമെന്റ് സോണിലുള്ള അക്ഷയ കേന്ദ്രങ്ങൾ തുറക്കാൻ അനുവാദമില്ലത്തതിനാൽ ജില്ലയിലെ ഭൂരിഭാഗം കേന്ദ്രങ്ങളും നഷ്ടത്തിലാണ്.
അഞ്ച് മുതൽ പത്ത് വരെ വാർഡുകൾക്ക് ഒരു അക്ഷയ സെന്റർ വീതമാണ് അനുവദിക്കുന്നത്. ഒരു പഞ്ചായത്തിൽ നാല് അക്ഷയകേന്ദ്രങ്ങൾ വേണം. എന്നാൽ കൈനകരിയിൽ ഒന്നും കാവാലത്ത് രണ്ടും അക്ഷയ കേന്ദ്രങ്ങളാണ് പ്രവർത്തിക്കുന്നത്. നിലവിൽ അഞ്ച് പേർക്കാണ് പ്രവേശനം. പല അക്ഷയകളിലും പൊലീസ് ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിക്കുന്നത്. ജീവനക്കാർ സ്വന്തമായാണ് സാനിട്ടെസർ, ഷീൽഡ് എന്നീ സുരക്ഷ ഉപകരണങ്ങൾ വാങ്ങുന്നത്. നഷ്ടത്തിലുള്ള സെന്ററുകളിൽ മാസം 5000 രൂപയിൽ താഴെയാണ് ശമ്പളം. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തന സമയം. തിരക്കുള്ള ദിവസങ്ങളിൽ ഇത് 7 മണിവരെ നീളും. ആധാർ എൻറോൾമെന്റ്, റേഷൻ കാർഡുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ, ടിക്കറ്റ് ബുക്കിംഗ്, പാൻ കാർഡ് സേവനങ്ങൾ, ഫീസ് അടയ്ക്കൽ, ജനന - മരണ - വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ തുടങ്ങിയവയെല്ലാം അക്ഷയ വഴി ലഭിക്കും. സാമൂഹിക സുരക്ഷാ പെൻഷന് മസ്റ്ററിംഗ് നിർബന്ധമാക്കിയതോടെ ഈ സേവനവും അക്ഷയ കേന്ദ്രങ്ങളിലുണ്ട്. ലൈഫ് മിഷൻ അപേക്ഷ,സ്‌കൂൾ-കോളജ് അഡ്മിഷനു വേണ്ടി ഏകജാലക സംവിധാനത്തിലൂടെയുള്ള അപേക്ഷകൾ എന്നിവയും അക്ഷയ കേന്ദ്രങ്ങൾ വഴിയാണ്.
 കുടിശിക
കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനിടയിലും വയോധികരും വിദ്യാർത്ഥികളും അടക്കമുള്ളവർ വിവിധ അപേക്ഷകൾ സമർപ്പിക്കാനും അഡ്മിഷനും മസ്റ്ററിംഗിനും ആശ്രയിക്കുന്നത് അക്ഷയ കേന്ദ്രങ്ങളെയാണ്. മസ്റ്ററിംഗ് സൗജന്യമാണ്. ഇതിനുള്ള 30 രൂപ വീതം അക്ഷയ സെന്ററുകൾക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്. എന്നാൽ 60 ശതമാനം മസ്റ്ററിംഗിന്റെ തുക മാത്രമേ സർക്കാർ നൽകുന്നുള്ളൂ എന്നാണ് പരാതി. സംസ്ഥാന സർക്കാരിന്റെ എെ.ടി വിഭാഗത്തിനാണ് അക്ഷയ സെന്ററുകളുടെ മേൽനോട്ട ചുമതല. ആധാർ എടുക്കുന്നതിൽ കേന്ദ്രത്തിന് 100 രൂപ ഉപഭോക്താവിൽ നിന്ന് ഇൗടാക്കാം. ബാക്കി 30 രൂപ സർക്കാരാണ് നൽകേണ്ടത്. ഇതിലും കുടിശികയുണ്ട്.
അക്ഷയ കേന്ദ്രത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് ഇതിൽ ഭിന്നാഭിപ്രായമുണ്ട്. സാമൂഹ്യ അകലം പാലിച്ചും സാനിട്ടൈസറും നൽകിയാണ് ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നത്. പല അക്ഷയ കേന്ദ്രങ്ങളും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. മസ്റ്ററിംഗ്, ആധാർ എൻറോൾമെന്റ് തുടങ്ങിയവയ്ക്ക് സർക്കാർ നൽകേണ്ട തുകയുടെ 40 ശതമാനത്തോളം ലഭ്യമായിട്ടില്ല
(രാജേന്ദ്രൻ,പുന്നപ്ര നോർത്ത് അക്ഷയ സെന്റർ ഉടമ)