
ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും നഗരത്തിൽ വൻ നാശനഷ്ടം. ഇന്നലെ പുലർച്ചെ 6 മണിയോടെ വീശിയ കാറ്റിൽ തുമ്പോളി സെന്റ് തോമസ് ഹൈസ്‌ക്കൂളിന്റെ മേൽക്കൂര പറന്നു പോയി. 12 ക്ലാസ്റൂമുകൾ വരുന്ന എൽ.പി, യു.പി, ഹൈസ്കൂൾ ഭാഗങ്ങളുടെ മേൽക്കൂരയാണ് തകർന്നത്. കഞ്ഞിപ്പുര കെട്ടിടത്തിന്റെ ഷീറ്റുകൾ പറന്നുപോയി. സൈക്കിൾ ഷെഡും തകർന്നതായി പ്രധാനാദ്ധ്യാപിക കെ.ജെ.ബീനാമോൾ പറഞ്ഞു.
തുമ്പോളി തയ്യിൽ വീട്ടിൽ പൊന്നമ്മയുടെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് രണ്ടു മുറികളുടെ മേൽക്കൂര പൂർണമായും തകർന്നു. പുത്തൻ പുരയ്ക്കൽ ആന്റണിയുടെ വീടിന് മുകളിലും മരം വീണ് ഭിത്തി പൊട്ടി. ഷീറ്റ് പറന്നു പോയി. ഇരു കുടുംബങ്ങൾക്കു നഗരസഭയുടെ ഭവന അറ്റകുറ്റപ്പണി പദ്ധതിയിൽ പെടുത്തി 40000 രൂപ വീതം നൽകുമെന്ന് കൗൺസിലർ കെ.ജെ.നിഷാദ് അറിയിച്ചു.
വഴിച്ചേരി വാർഡിലും വീടുകൾക്ക് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. പാലയ്ക്കൽ വീട്ടിൽ ജോസഫ് ജോൺസിന്റെ വീടിന് മുകളിലേക്ക് മരം വീണ് മേൽക്കൂര തകർന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മകൾ ഡോണ റൊസാരിയോ (21)യുടെ തലയിലേക്ക് മേൽക്കൂര തകർന്ന് വീണ് ക്ഷതമേറ്റു. തെന്നശേരി ലാലി ജോസഫിന്റെ വീടിനു മുകളിലും മരം വീണു. തോമസ് ജോൺ ആൻഡ് കമ്പനിയുടെ മില്ലിന് മുകളിലും മരം വീണു നാശനഷ്ടമുണ്ടായി. . മുല്ലയ്ക്കൽ ക്ഷേത്രത്തിലെ ആൽമരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞ് വീണ് നാലമ്പലത്തിന്റെ മേൽക്കൂരയുടെ ഒരുഭാഗം തകർന്നു. ഗണപതി അമ്പലത്തിന് മുകളിലും ശിഖരങ്ങൾ വീണെങ്കിലും നാശനഷ്ടം ഉണ്ടായില്ല. ക്ഷേത്ര പരിസരത്ത് നിന്ന മറ്റൊരു മരവും കടപുഴകി വീണു. മട്ടാഞ്ചേരി പാലത്തിന് സമീപവും സ്വകാര്യ ബസ് സ്റ്റാൻഡ്, തുമ്പോളി റെയിൽവേ ക്രോസ് എന്നിവിടങ്ങളിലും മരം വീണ് ഗതാഗതതടസം ഉണ്ടായി.