ആലപ്പുഴ:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം എലിപ്പനിയ്‌ക്കെതിരെയും ജാഗ്രത പുലർത്തണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ മരണമുറപ്പാകുന്ന രോഗമാണ് എലിപ്പനി. എലി, കന്നുകാലികൾ, വളർത്തുമൃഗങ്ങൾ തുടങ്ങിയവയുടെ മൂത്രം കലർന്ന വെള്ളത്തിലൂടെയും മണ്ണിലൂടെയും രോഗാണുക്കൾ മനുഷ്യശരീരത്തിൽ കടക്കും. ശുചീകരണത്തൊഴിലാളികൾ, തൊഴിലുറപ്പ് ജോലി ചെയ്യുന്നവർ, കെട്ടിട നിർമ്മാണത്തൊഴിലാളികൾ, വെള്ളക്കെട്ടുകളിലും, ഓടകളിലുമിറങ്ങി ജോലി ചെയ്യുന്നവർ, കർഷകർ പുല്ലുചെത്തുന്നവർ, ക്ഷീരകർഷകർ, കുളങ്ങളിലും വെള്ളക്കെട്ടുകളിലും മീൻപിടിക്കാൻ പോകുന്നവർ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം ചികിത്സ പാടില്ല.

ലക്ഷണങ്ങൾ

തലവേദയോടുകൂടിയ പനി, ശരീരവേദന, കണ്ണിന് ചുമപ്പ്, മൂത്രത്തിന് മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ഛർദ്ദി. മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് ഒറ്റമൂലി ചികിത്സയ്ക്ക് പോകുന്നത് അപകടമാണ്.

ശ്രദ്ധിക്കേണ്ടത്

മലിനമായ വെള്ളത്തിൽ ചവിട്ടിയാൽ സോപ്പ് ഉപയോഗിച്ച് കഴുകണം.

അഴുക്കുവെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കളിക്കരുത്.

തോട്, കുളം എന്നിവിടങ്ങളിൽ ചൂണ്ടയിടാൻ കുട്ടികളെ അനുവദിക്കരുത്.

മുഖം കഴുകുക, കുളിക്കുക തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾക്ക് വൃത്തിയുള്ള വെള്ളമുപയോഗിക്കുക. ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയരുത്.

വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.

കാലുകളിൽ മുറിവുള്ളവർ പ്രത്യേകം ശ്രദ്ധിക്കുക.

ജോലി സംബന്ധമായി മലിനജലവുമായി സമ്പർക്കത്തിലുള്ളവർ റബർ ബൂട്ടും കൈയ്യുറയും ധരിക്കണം.

പ്രതിരോധ മരുന്ന്

എലിപ്പനിക്കുള്ള പ്രതിരോധ ഗുളിക (ഡോക്സിസൈക്ലിൻ) സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ഡോക്ടറുടെ നിർദ്ദേശ പ്രകാരം കഴിക്കുക. 17ന് ജില്ലയിൽ ഡോക്സിദിനമായി ആചരിക്കും. രോഗം പിടിപെടാൻ സാദ്ധ്യതയുള്ള ആളുകൾ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം പ്രതിരോധ ഗുളിക കഴിക്കണം