ആലപ്പുഴ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വ്യാപാരി, വ്യവസായി ലൈസൻസിന്റെ പേരിൽ പകൽക്കൊള്ളയാണ് നടത്തുന്നതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. കൊവിഡ് മൂലം പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കേണ്ടതിന് പകരം കരിനിയമങ്ങൾ പ്രയോഗിച്ച് വ്യാപാരികളെ ഇല്ലായ്മ ചെയ്യാനാണ് സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജില്ലയിലെ വ്യാപാരികൾക്കുള്ള ജീവകാരുണ്യ പ്രവർത്തന ഫണ്ടിന്റെ ജില്ലാ തല വിതരണ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു രാജു അപ്സര. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വി.സബിൽ രാജ്, വൈസ് പ്രസിഡന്റ് കെ.എസ്.മുഹമ്മദ്, സെക്രട്ടറിമാരായ നസീർ പുന്നക്കൽ , മുഹമ്മദ് നജീബ്, തുടങ്ങിയവർ പ്രസംഗിച്ചു.
തോട്ടപ്പള്ളിയിലെ വ്യാപാരി രാംലാൽ സഹായ നിധിയിലേക്കുള്ള ചെക്ക് ജില്ലാ വൈസ് പ്രസിഡന്റ് പ്രതാപൻ സൂര്യാലയം ഏറ്റുവാങ്ങി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് ഫ്രാൻസിസ് സ്വാഗതവും ട്രഷറർ ടിപ് ടോപ് ജലീൽ നന്ദിയും പറഞ്ഞു.