ആലപ്പുഴ :പട്ടികജാതി വികസന വകുപ്പിന്റെ വിഷൻ പദ്ധതി പ്രകാരം, മെഡിക്കൽ/എൻജിനീയറിംഗ് കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നൽകുന്നതിലേയ്ക്ക് 2020-21അദ്ധ്യയനവർഷത്തേയ്ക്ക് പട്ടികജാതി വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 2020 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ ബി പ്ളസിൽ കുറയാത്ത ഗ്രേഡ് നേടിയവരും 2020-21വർഷം പ്ലസ് വൺ സയൻസ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപയിൽ കൂടാൻ പാടില്ല. പട്ടികജാതി വികസന വകുപ്പ് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ മെഡിക്കൽ/എൻജിനീയറിംഗ് എൻട്രൻസ് പരിശീലനത്തിന് പ്രവേശിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സർട്ടിഫിക്കറ്റ്, രക്ഷകർത്താവിന്റെ കുടുംബ വാർഷിക വരുമാനം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്ലസ് വണിന് പഠിക്കുന്ന സ്ഥാപനത്തിൽ നിന്നും സയൻസ് ഗ്രൂപ്പ് വിദ്യാർത്ഥിയാണെന്ന പ്രിൻസിപ്പലിന്റെ സർട്ടിഫിക്കറ്റ്, പരിശീലന സ്ഥാപനത്തിൽ ചേർന്ന സർട്ടിഫിക്കറ്റ്, ഫീസ് അടച്ച തെളിവ്, കുട്ടിയുടെ ബാങ്ക് അക്കൗണ്ടിന്റെ കോപ്പി, ആധാർ കോപ്പി എന്നിവ സഹിതം ഒക്ടോബർ 30 നകം ആലപ്പുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാപട്ടികജാതിവികസന ഓഫീസിൽ സമർപ്പിക്കണം. പരിശീലനത്തിന് ഒരു വർഷം 10,000 രൂപയാണ് കുട്ടിയുടെ അക്കൗണ്ടിലേയ്ക്ക് അനുവദിക്കുക. കൂടുതൽ വിവരങ്ങൾ ജില്ലാ/ബ്ലോക്ക്പട്ടികജാതിവികസനഓഫീസുകളിൽ ലഭിക്കും. ഫോൺനമ്പർ - 0477 2252548.