
ആലപ്പുഴ: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ, മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയ പറവൂർ വട്ടയ്ക്കാട് വീട്ടിൽ അശോകൻ ഇതൊന്നും അറിയാതെ പുന്നപ്രയിലെ ഒരു ഒറ്റനില വീട്ടിൽ പെയിന്റിംഗ് ജോലിയിലായിരുന്നു. മൊബൈൽ ഫോൺ വീട്ടിൽ വച്ചിട്ട് വന്നതിനാൽ ആശംസാപ്രവാഹങ്ങളൊന്നും ആലപ്പുഴ അശോകൻ അറിഞ്ഞതുമില്ല. അല്പം കഴിഞ്ഞ് അവാർഡുണ്ടെന്ന് ടി.വിയിലൂടെ അറിഞ്ഞ മകൻ അനന്തകൃഷ്ണൻ ഫോണുമായി ഓടിക്കിതച്ചെത്തിയപ്പോൾ അശോകന്റെ കണ്ണുനിറഞ്ഞുപോയി. 25 വർഷത്തെ കഷ്ടപ്പാടിന്റെ കർമ്മഫലമാണ് ഈ പുരസ്കാരമെന്ന് അശോകനെ അറിയുന്നവർ പറയും.
വയനാട്ടിലെ ആദിവാസി ജീവിതം ആസ്പദമാക്കി മനോജ് കാന സംവിധാനം ചെയ്ത 'കെഞ്ചീര 'എന്ന ചിത്രമാണ് അശോകനെ പുരസ്കാരത്തിന് അർഹനാക്കിയത്. അമ്പത്തിയെട്ടുകാരനായ അശോകൻ നൂറ്റിയെഴുപതിലധികം ചിത്രങ്ങളിൽ സഹവസ്ത്രാലങ്കാരവും ഏഴ് ചിത്രങ്ങളിൽ സ്വതന്ത്ര വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്. കൊവിഡ് കാരണം വരുമാനം നിലച്ചതോടെയാണ് പെയിന്റിംഗ്
പണിക്കിറങ്ങിയത്. സിനിമാരംഗത്ത് എല്ലാ ചെലവും കഴിഞ്ഞ് പ്രതിദിനം 1300 രൂപ ലഭിക്കുമായിരുന്നു. ആ വരുമാനം കൊണ്ടാണ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോയതും മകളുടെ വിവാഹമടക്കമുള്ള കാര്യങ്ങൾ നടത്തിയതും. സിനിമാമേഖല കരകയറുംവരെ പെയിന്റിംഗ് ജോലി തുടരാനാണ് അശോകന്റെ തീരുമാനം. ദിവസം 900 രൂപ ഇപ്പോൾ ലഭിക്കും.
പതിനേഴാം വയസിൽ തയ്യൽ രംഗത്തേക്ക് കടന്നുവന്ന അശോകനെ പറവൂരിലെ നിത ടെയിലറിംഗ് ഷോപ്പിൽ നിന്ന്, അന്തരിച്ച വസ്ത്രാലങ്കാരകൻ മനോജ് ആലപ്പുഴയാണ് സിനിമാരംഗത്തേക്ക് എത്തിച്ചത്.
നിരവധി ചിത്രങ്ങളുടെ ഭാഗമായെങ്കിലും കരുമാടിക്കുട്ടനിലും പറക്കുംതളികയിലുമാണ് അശോകൻ ആലപ്പുഴ എന്ന പേര് സ്ക്രീനിൽ തെളിഞ്ഞത്. ഉഷയാണ് ഭാര്യ. മക്കൾ: അശ്വതി, അശ്വിൻ, അനന്തകൃഷ്ണൻ.
കൊവിഡ് കാരണം വരുമാനം നിലച്ചതോടെയാണ് പെയിന്റിംഗ് പണിക്ക് ഇറങ്ങിയത്. കെഞ്ചീരയ്ക്ക് വേണ്ടി ആദിവാസികളിൽ നിന്ന് അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങി, അതിന്റെ ശൈലി പഠിച്ചാണ് വസ്ത്രങ്ങൾ തയ്യാറാക്കിയത്.
-ആലപ്പുഴ അശോകൻ .