ഹരിപ്പാട്: കരുവാറ്റ ടി.ബി ജംഗ്ഷനു സമീപമുള്ള 2145-ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് നാലര കിലോ സ്വർണവും നാലു ലക്ഷം രൂപയും കവർന്ന കേസിൽ അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഹരിപ്പാട് ആർ.കെ ജംഗ്ഷനിൽ വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളിൽ വീട്ടിൽ ഷൈബു (അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട വാഴിച്ചാൽ തമ്പിക്കോണം പാവോട് വഴിയിൽ മേലേപ്ളാവിട വീട്ടിൽ ഷിബു (43) എന്നിവരാണ് റിമാൻഡിലായത്. കൂടുതൽ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനും, മോഷണ മുതലുകൾ കണ്ടെത്തുന്നതിനുമായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇതിനുള്ള അപേക്ഷ ഉടൻ സമർപ്പിക്കും. തിരുവനന്തപുരം സ്വദേശിയായ മുഖ്യസൂത്രധാരൻ ഒളിവിലാണെന്നും ഇയാൾക്കായി തെരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് പറഞ്ഞു.
പ്രതികൾ കഴിഞ്ഞ മാർച്ച് മുതൽ കവർച്ചയ്ക്കായി ഒരുക്കങ്ങൾ നടത്തിയിരുന്നു. കൊല്ലത്തുനിന്നു മോഷ്ടിച്ച ഒമ്നി വാനിലാണ് മോഷണത്തിന് എത്തിയത്. നാല് ദിവസത്തെ ഓണാവധിക്ക് ശേഷം സെപ്തംബർ മൂന്നിന് രാവിലെ സെക്രട്ടറി ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണ് വൻകവർച്ച പുറത്തറിഞ്ഞത്. ഷൈബുവും മുഖ്യപ്രതിയുമാണ് മോഷണത്തിൽ നേരിട്ട് പങ്കെടുത്തത്. ഷിബു വാഹനം മോഷ്ടിക്കാനും ഗ്യാസ് സിലിണ്ടർ മോഷ്ടിച്ച് ബാങ്കിൽ എത്തിക്കാനും പങ്കെടുത്തു. അപ്പുണ്ണിയ്ക്ക് 154 പവനും (1.23 കിലോ) 30,000 രൂപയുമാണ് നൽകിയത്. ഷിബുവിന് 12 പവനും 40,000 രൂപയും നൽകി. ബാക്കി തുകയും സ്വർണ്ണവുമായാണ് മുഖ്യപ്രതി കടന്നത്. ഓപ്പറേഷൻ ഹോളിഡേ ഹണ്ടേഴ്സ് എന്ന പേരിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്.