തുറവൂർ: പൊലീസിനെ വട്ടം ചുറ്റിച്ചു തുറവൂർ മേഖലയിൽ വീണ്ടും ബൈക്ക് മോഷണം. ദേശീയപാതയോരത്ത് കോടംതുരുത്തിൽ പാർക്ക് ചെയ്തിരുന്ന ചുവന്ന നിറത്തിലുള്ള യൂണികോൺ ബൈക്കാണ് ഇന്നലെ രാവിലെ മോഷണം പോയത്. തുറവുർ പാട്ടുകുളങ്ങര കടമാട്ട് വീട്ടിൽ വിനോദിന്റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. ഇതോടെ കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ മോഷ്ടിക്കപ്പെട്ട ബൈക്കുകളുടെ എണ്ണം മൂന്ന് ആയി. തുറവൂർ ജംഗ്ഷന് സമീപത്തു നിന്ന് കഴിഞ്ഞ മാസം 17 നും 30 നുമാണ് രണ്ട് ബൈക്കുകൾ മോഷണം പോയത്. വാഹനഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയിട്ടും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. വെളുപ്പിന് 5.30ന് കോടംതുരുത്ത് -- പി.എസ്.കടവ്റോഡിന് സമീപം ബൈക്ക് പാതയോരത്ത് വച്ച ശേഷം സുഹൃത്തിന്റെ കാറിൽ ഷട്ടിൽ കളിക്കാൻ അരൂരിലേക്ക് പോയ വിനോദ് എട്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായത്.