
ആലപ്പുഴ : വിദേശ രാജ്യങ്ങളിൽ ഹിറ്റായ വാട്ടർ ടാക്‌സി നാളെ മുതൽ ആലപ്പുഴയിലും സർവീസ് ആരംഭിക്കും. ജലഗതാഗതവകുപ്പ് നേതൃത്വം വഹിക്കുന്ന സർവ്വീസിന്റെ ഉദ്ഘാടനം രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. പ്രത്യേക മൊബൈൽ നമ്പരിലൂടെ വാട്ടർ ടാക്‌സി ബുക്ക് ചെയ്യാം. ഉദ്ഘാടനത്തിന് മുമ്പ് നമ്പരിന്റെ ഒൗദ്യോഗിക ഉദ്ഘാടനം ഇന്നലെ ജലഗതാഗതവകുപ്പ് ഡയറക്ടർ ഷാജി.വി.നായർ നിർവഹിച്ചു. 9400050325 എന്ന നമ്പരിലേക്ക് യാത്രക്കാർക്ക് ഏത് സമയവും ബോട്ട് ബുക്ക് ചെയ്യാം .അരമണിക്കൂറിന് 750 രൂപയാണ് ചെലവ് . യാത്രയുടെ ദൈർഘ്യം അനുസരിച്ച് തുക ഇൗടാക്കും. യാത്രക്കാർ നിൽക്കുന്ന സ്ഥലത്തേക്ക് ടാക്‌സിയെത്തും എന്നതാണ് പ്രത്യേകത. ആലപ്പുഴയിൽ ജലയാത്രാ സൗകര്യമുള്ള എവിടെ നിന്നും ബോട്ടിനായി വിളിക്കാം. ഡ്രൈവർ, സ്രാങ്ക്, ലാസ്‌കർ തുടങ്ങി മൂന്ന് ജീവനക്കാരാണ് വാട്ടർ ടാക്‌സിയിലുള്ളത്.