
രാസനാമ ചേരുവകൾക്ക് ചൈന വിലകൂട്ടിയത് 20 ശതമാനം വരെ
ആലപ്പുഴ: ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കേന്ദ്രം അവസാനിപ്പിച്ചതും,ഔഷധ നിർമ്മാണ കമ്പനികൾക്ക് വർഷം തോറും 10 ശതമാനം വരെ വില വർദ്ധിപ്പിക്കാനുള്ള അനുവാദവും സംസ്ഥാനത്ത് മരുന്നുകളുടെ വില വാനോളമുയർത്തുന്നു. രോഗികൾക്ക് ആശ്വാസമായിരുന്ന ജൻ ഔഷധി സ്റ്റോറുകളിൽ ഉൾപ്പെടെ വില കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ജൻ ഔഷധി ശാലകളിൽ പരമാവധി മൂന്ന് രൂപ വരെ വർദ്ധിച്ചപ്പോൾ, പൊതു വിപണിയിൽ പത്ത് മുതൽ പതിനഞ്ച് രൂപയുടെ വരെ വർദ്ധനവുണ്ട്. ഔഷധ നിർമ്മാണത്തിനാവശ്യമുള്ള സജീവ രാസനാമ ചേരുവകൾ ഇന്ത്യ പ്രധാനമായും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. അതിർത്തി തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇവയ്ക്ക് 20 ശതമാനം വരെ ചൈന വില കൂട്ടി. കൊവിഡ് വ്യാപകമായതോടെ ചൈനയിൽ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി കേന്ദ്രം നിറുത്തലാക്കി. മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ തുടങ്ങിയതോടെ വിലയിൽ കാര്യമായ വ്യത്യാസമാണുണ്ടായത്.
വില നിയന്ത്രണ പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകളുടെ വിലയിൽ വർഷം തോറും പത്ത് ശതമാനം വർദ്ധനവ് വരുത്താൻ നിർമ്മാതാക്കൾക്ക് ദേശീയ ഔഷധ വില നിയന്ത്രണ അതോറിട്ടിയുടെ അനുവാദമുണ്ട്. ഇതാണ് വില വർദ്ധനവിനുള്ള മറ്റൊരു കാരണം. മരുന്ന് നിർമ്മാണത്തിനാവശ്യമായ ആക്ടീവ് ഫാർമസ്യൂട്ടിക്കൽ ചേരുവകളുടെ ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് സ്വയം പര്യാപ്തത കൈവരിക്കാൻ കേന്ദ്രസർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് പ്രാബല്യത്തിൽ വരാൻ ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വേണം. സജീവ രാസനാമ വസ്തുക്കൾക്ക് 20 ശതമാനം വില വർദ്ധനവുണ്ടായാൽ ഇന്ത്യൻ ഔഷധ മാർക്കറ്റിൽ 15 ശതമാനം വരെ വിലകൂടും.
.............................
 ജൻ ഔഷധി ശാലകളിൽ വില കൂടിയ മരുന്നുകളിൽ ചിലത്
(മരുന്ന്, ആറ് മാസം മുമ്പുള്ള വില, നിലവിലെ വില)
ഹ്യൂമൻ ഇൻസുലിൻ: 71- 90
പാന്റോപ്രോസോൾ (അസിഡിറ്റി): 10-11
ടെൽമീസപാൻ (രക്തസമ്മർദ്ദം): 7- 8
ഗിൽമി പ്രൈഡ് 1 എം.ജി (പ്രമേഹം): 15- 16
ഗിൽമി പ്രൈഡ് 2 എം.ജി: 22- 24
....................
വിലയിൽ വർദ്ധനവുണ്ടെങ്കിലും ചൈനയെ അപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നവയ്ക്ക് ഗുണനിലവാരം കൂടുതലാണ്. മരുന്ന് ഉപയോഗിക്കുന്നവരിൽ നിന്നുള്ള പ്രതികരണവും ഇതാണ് സൂചിപ്പിക്കുന്നത്
സി. സനൽകുമാർ, റീട്ടെയിൽ ഔഷധ ഫോറം സംസ്ഥാന ചെയർമാൻ