s

 ഉദ്ഘാടനം രാവിലെ 11.30ന്

ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പ് പുതുതായി നിർമ്മിച്ച് നീ​റ്റിലിറക്കുന്ന വാട്ടർ ടാക്‌സിയുടെയും കാ​റ്റാമറൈൻ ബോട്ട് സർവ്വീസിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് മുഖ്യമന്ത്റി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമാണ് യോഗം. ഗതാഗത വകുപ്പ് മന്ത്റി എ.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.

കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്കും വിനോദ സഞ്ചാരികൾക്കും വാട്ടർ ടാക്‌സിയുടെ സേവനം പ്രയോജനപ്പെടുത്താം. മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാവുന്ന ബോട്ടിൽ ഒരേ സമയം പത്ത് പേർക്ക് യാത്ര ചെയ്യാം. മണിക്കൂറിൽ 1,500 രൂപയാണ് നിരക്ക്. ടാക്‌സികൾ ലഭിക്കാൻ 94000 50325 എന്ന നമ്പരിൽ വിളിക്കാം.

മന്ത്റിമാരായ ജി.സുധാകരൻ, ഡോ.​ടി.എം. തോമസ് ഐസക്, എ.എം. ആരിഫ് എം.പി എന്നിവർ മുഖ്യാതിഥികളാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കളക്ടർ എ. അലക്‌സാണ്ടർ, നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ, കൗൺസിലർ റാണി രാമകൃഷ്ണൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ എന്നിവർ പങ്കെടുക്കും.

 യാത്രാസുഖം

എറണാകുളം കേന്ദ്രമായുള്ള 'നവഗതി മറൈൻ' എന്ന സ്ഥാപനമാണ് ബോട്ട് നിർമ്മിച്ചത്. എൻജിന് 175 കുതിര ശക്തി. ഐ.ആർ.എസ് ക്ലാസിൽ എയ്റോ ഡൈനാമിക്‌സ് രീതിയിലാണ് ബോട്ടിന്റെ നിർമ്മാണം. ഇൻഡ്യൻ രജിസ്​റ്റർ ഒഫ് ഷിപ്പിംഗിന്റെ കാ​റ്റാമറൈൻ രീതിയിൽ നിർമ്മിച്ചതിനാൽ യാത്രാസുഖം കൂടും.

ഒരേ സമയം 10 പേർക്ക് യാത്ര ചെയ്യാവുന്ന നോൺ എസി ബോട്ടിൽ ലെതർ സീ​റ്റുകളാണ് . ഫാനും ലൈ​റ്റും സോളാർ സംവിധാനത്തിൽ പ്രവർത്തിക്കും. 8.65 മീ​റ്റർ നീളവും 3.81 മീ​റ്റർ വീതിയും 2.1 മീ​റ്റർ ഉയരവുമാണ് ബോട്ടിനുള്ളത്. 1.19 മീ​റ്ററാണ് ഹള്ളിന്റെ താഴ്ച. സുരക്ഷയ്ക്കായി ലൈഫ് ജാക്ക​റ്റുകൾ, ലൈഫ് ബോയ, അഗ്‌നി ശമനത്തിനുള്ള യന്ത്റം, ഹള്ളിൽ വെള്ളം കയറിയാൽ പുറന്തള്ളാനുള്ള ഓട്ടോമാ​റ്റിക് സംവിധാനം എന്നിവയുമുണ്ട്. ഫൈബർ റീ ഇൻഫോഴ്സ്ഡ് പ്ലാസ്​റ്റിക് (എഫ്.ആർ.പി) മെ​റ്റീരിയൽ ഉപയോഗിച്ചാണ് ബോട്ട് നിർമ്മിച്ചിരിക്കുന്നത്. 300 ലി​റ്ററാണ് ഇന്ധനടാങ്ക്. രണ്ട് ക്രൂ അംഗങ്ങളുണ്ടാവും.