സാമ്പിൾ നൽകിയ ശേഷമുള്ള കറക്കം; സമ്പർക്ക വ്യാപനം കൂട്ടുന്നു

ആലപ്പുഴ: കൊവിഡ് പരിശോധനാ ഫലം ലഭി​ക്കാൻ വൈകുന്നത് വി​നയാകുന്നുവോ? പരിശോധനയ്ക്ക് സാമ്പിൾ നൽകിയ ശേഷം പുറത്തിറങ്ങി നടക്കുന്നവരാണ് പ്രധാനമായും രോഗ വാഹകരാകുന്നതെന്നാണ് ആക്ഷേപമുയരുന്നത്. ലക്ഷണമി​ല്ലെന്നുകരുതി​ സാമ്പി​ൾ നൽകി​യ ശേഷം കറങ്ങി​ നടക്കുന്നവർ സമ്പർക്കവ്യാപനത്തി​ന് വഴി​തെളി​ക്കുന്നുവെന്ന് ആരോഗ്യവകുപ്പധി​കൃതർ പറയുന്നു.

ലക്ഷണമില്ലാത്ത രോഗികൾ ആഴ്ച്ചകൾ കഴിഞ്ഞ് ഫലം വരുമ്പോഴാണ് ജാഗ്രത ആരംഭിക്കുന്നത്. അപ്പോഴേക്കും സമ്പർക്കപട്ടിക വ്യാപിച്ചിരിക്കും. കഴിഞ്ഞ ദിവസം കൊവി‌ഡ് ബാധിതനായി ഒരാൾ മരണമടഞ്ഞ വീട്ടിൽ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ നിരവധിപ്പേരെത്തിയിരുന്നു. പോസിറ്റീവായ വ്യക്തി ആശുപത്രിയിലായിരുന്നതും അടുത്ത ദിവസങ്ങളിൽ കുടുംബവുമായി സമ്പർക്കമില്ലാതിരുന്നതുമാണ് സന്ദർശകർക്ക് ധൈര്യമായത്. എന്നാൽ പിറ്റേദിവസം ഉച്ചയോടെയാണ് കുടുംബാംഗങ്ങളിൽ രണ്ടുപേർ പോസിറ്റീവാണെന്ന് ആരോഗ്യവകുപ്പിൽ നിന്ന് അറിയിപ്പ് വരുന്നത്. ഇതോടെ, മരണത്തിൽ ആശ്വസിപ്പിക്കാനെത്തിയവരെല്ലാം ക്വാറന്റൈനിൽ പോകേണ്ട സ്ഥിതിയായി.
പരിശോധനയ്ക്ക് സാമ്പിൾ നൽകുന്നവർ നിർബന്ധമായും നിരീക്ഷണത്തിലിരിക്കണമെന്ന് ചട്ടമുണ്ടെങ്കിലും ലക്ഷണമോ, പ്രാഥമിക സമ്പർക്കമോ അറിവിലില്ലാത്തവർ അതിന് തയാറാകാറില്ല. പരിശോധനയിൽ ലക്ഷണമുള്ള രോഗികൾക്കാണ് പ്രാമുഖ്യം നൽകുന്നത്. അതിനാൽ തന്നെ യാതൊരു ലക്ഷണവുമില്ലാത്തവരുടെ ഫലം ലഭിക്കാനും വൈകുന്നു. ചെങ്ങന്നൂർ സ്വദേശിയായ വ്യാപാരിക്ക് സാമ്പിൾ നൽകി പത്ത് ദിവസത്തിന് ശേഷമാണ് ഫലം ലഭിച്ചത്. താൻ പോസിറ്റീവാണെന്ന് അറിയുമ്പോഴേക്കും, വ്യാപാര സ്ഥാപനത്തിൽ നിരവധി ഉപഭോക്താക്കൾ വന്നുപോയിരുന്നു. പ്രദേശത്ത് അന്നേദിവസം 22 പേർക്കാണ് പോസിറ്റീവ് ഫലം വന്നത്. എല്ലാവരും ഈ പത്ത് ദിവസ കാലയളവിൽ നിരവധി ചടങ്ങുകളിലും വ്യാപാര സ്ഥാപനങ്ങളിലും വീട്ടിൽ കുട്ടികൾക്കൊപ്പവും അടുത്ത് ഇടപഴകിയവരാണെന്നത് സമ്പർക്ക വ്യാപന സാധ്യത ഇരട്ടിപ്പിക്കുകയാണ്. വണ്ടാനത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം പഴയപടിയായിട്ടില്ലാത്തതും സാമ്പിൾ ഫലം വൈകാൻ ഇടയാക്കുന്നുണ്ട്. 144 പ്രഖ്യാപിച്ചിട്ടും പരിശോധനയ്ക്ക് എത്തുന്ന സാമ്പിളുകളുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായിട്ടില്ല.

സാമ്പിൾ നൽകിക്കഴിഞ്ഞാൽ നിർബന്ധമായും നിരീക്ഷണത്തിലിരിക്കണം. ലക്ഷണമില്ലെന്ന് കരുതി കറങ്ങിനടക്കുന്നത് സമ്പർക്കവ്യാപനത്തിന് ഇടയാക്കും. - ആരോഗ്യവകുപ്പ് അധികൃതർ