ambala

അമ്പലപ്പുഴ: കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യുന്ന നഴ്സുമാരുടെ അവധി ഒരു ദിവസമായി വെട്ടിച്ചുരുക്കിയത് അംഗീകരിക്കാനാവില്ലെന്ന് സംഘടന. 10 ദിവസം ഡ്യൂട്ടി, 7 ദിവസം ക്വാറന്റൈൻ അവധി എന്ന നിലയിലായിരുന്നു ആലപ്പുഴ മെഡി. ആശുപത്രിയിൽ നഴ്സുമാർ ജോലി ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം അധികൃതർ ക്വാറന്റൈൻ നിറുത്തലാക്കി. പകരം ഒരു ദിവസത്തെ അവധിയാക്കി ചുരുക്കി. 10 ദിവസത്തെ കൊവിഡ് ജോലിക്കു ശേഷം വീട്ടിൽ ഒരു ദിവസം അവധിയെടുത്ത് ഇരിക്കാനാണ് പുതിയ ഉത്തരവിൽ പറയുന്നത്. ഇത് കുടുംബത്തിലെ അംഗങ്ങൾക്കും സഹ പ്രവർത്തകർക്കും രോഗം പകരാൻ ഇടയാക്കുമെന്ന് നഴ്സുമാർ ഭയക്കുന്നു.

കൊവിഡ് വാർഡിലെ സ്റ്റാഫിന്റെ കുറവ് പരിഹരിക്കാനായി ഹെഡ് നഴ്സ് പി.പി.ഇ കിറ്റ് ധരിച്ച് റൗണ്ട്സ് എടുക്കണമെന്ന സൂപ്രണ്ടിന്റെ നിർദ്ദേശവും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട് .ഹെഡ് നഴ്സുമാർ 50 വയസിനു മുകളിലുള്ളവരും, കാൻസർ പ്രമേഹം ,രക്തസമ്മർദ്ദം തുടങ്ങിയ അസുഖബാധിതരുമാണ്. മറ്റുള്ള മെഡി. ആശുപത്രികളിൽ ഇല്ലാത്ത കാര്യങ്ങൾ അടിച്ചേല്പിക്കുന്നുവെന്നാണ് ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ക്വാറന്റൈൻ അവകാശ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇന്നലെ ആലപ്പുഴ മെഡി. ആശുപത്രിയിൽ സംഘടനാ ഭേദമന്യേ നഴ്സുമാർ ബാഡ്ജ് കുത്തി പ്രതിഷേധിച്ചു. നഴ്സസ് യൂണിയൻ (ഹെഡ് നഴ്സ്) സംസ്ഥാന സെക്രട്ടറി ഇ.ജി. ഷീബ, പ്രസിഡന്റ് ജോസ്മി ജോർജ്ജ്, മേരി ഡോൾവിൻ എന്നിവർ നേതൃത്വം നൽകി.