ഹരിപ്പാട്: മുനിസിപ്പാലിറ്റിയിലെ പിലാപ്പുഴ വടക്ക്,ചെറുതന പഞ്ചായത്തിലെ പെരുമാങ്കര,ചേപ്പാട് പഞ്ചായത്തിലെ മരങ്ങാട്ട് പതിനഞ്ചിൽ എന്നീ കോളനികൾ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കി​ലും പദ്ധതി​ക്ക് തുക അനുവദി​ക്കാത്തത് പ്രതി​ഷേധാർഹമാണെന്ന് പ്രതി​പക്ഷ നേതാവ് രമേശ് ചെന്നി​ത്തല പറഞ്ഞു.

സംസ്ഥാന പട്ടികജാതി വകുപ്പ് ഈ കോളനി​കളെ തന്റെ നി​ർദ്ദേശപ്രകാരം ഏറ്റെടുത്തിരുന്നു. ഗുണഭോക്തൃ സമിതികൾ രൂപീകരി​ക്കുകയും സർക്കാർ നിർദ്ദേശപ്രകാരം കോളനികളുടെ സമഗ്ര വികസന പദ്ധതിക്കായി ജില്ലാ നിർമ്മിതികേന്ദ്രത്തെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്ന് വർഷമായിട്ടും പ്രവർത്തി ആരംഭിച്ചിട്ടില്ല. വിഷയം പട്ടികജാതി വകുപ്പ് മന്ത്രി എ.കെ ബാലനുമായി ഫോണിൽ സംസാരിച്ച ചെന്നി​ത്തല നിർമ്മിതി കേന്ദ്രത്തിന് ഫണ്ട് അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.