ഹരിപ്പാട്: കരുവാറ്റ കൃഷിഭവനിൽപ്പെട്ട ഈഴവൻകേരി കിഴക്ക് പാടശേഖര സമിതി കൊവിഡ് പശ്ചാത്തലത്തിൽ പുഞ്ചക്കൃഷി ചെയ്ത കർഷകർക്ക് സർക്കാർ നൽകിയ സബ്സിഡി വീടുകളിലെത്തിച്ച് മാതൃകയായി​. 2017-2018 വർഷത്തെ പുഞ്ചക്കൃഷിയുടെ സബ് സിഡിയായി ലഭിച്ച 8.72 ലക്ഷം രൂപ, ഏക്കറിന് 2,000 രൂപ പ്രകാരം ഇന്നലെ മുതൽ കർഷകരുടെ വീടുകളിലെത്തിച്ചു തുടങ്ങി. പാടശേഖരത്തിന്റെ തെക്കേ മോട്ടോർ തറയിൽ പ്രസിഡന്റ് ആർ.സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സബ് സിഡി തുക വീടുകളിലെത്തിക്കുവാൻ തീരുമാനിച്ചത്.നേരത്തെ നിശ്ചിത സ്ഥലത്ത് പൊതുയോഗം വിളിച്ച ചേർത്ത് തുക വിതരണം ചെയ്യുന്ന രീതിയായിരുന്നു. ഇതോടൊപ്പം വിളവെടുപ്പിന് പാകമായി വരുന്ന രണ്ടാം കൃഷിയുടെ കൊയ്ത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടപ്പിലാക്കണമെന്ന കത്തും കർഷകർക്ക് നൽകുന്നുണ്ടെന്ന് സെക്രട്ടറി വി.സുരേഷ് അറിയിച്ചു.പാടശേഖരത്തിലെ 189 കർഷകർക്കും സബ് സിഡി തുക ലഭിക്കും.യോഗത്തിൽ വൈസ് പ്രസിഡൻ്റ് കെ.സതീശൻ,കൺവീനർ കെ.പുരുഷൻ,കോൺട്രാക്ടർ കരുണാകരൻ നായർ,മുഹമ്മദ് സാലി,ഓമനക്കുട്ടൻ,ആർ.രാജു,ഹരിദാസ്,ബിജു,പി.ജി വിജയൻ,മോഹനൻ,വിശ്വംഭരൻ,ശിശുപാലൻ എന്നിവർ പങ്കെടുത്തു.