ചേർത്തല : ജോസ് കെ.മാണിയുടെ രാഷ്ട്രീയ നിലപാടിനെത്തുടർന്ന് ചേർത്തല നഗരസഭയിൽ ഭരണ പ്രതിസന്ധി. ചെയർമാൻ സ്ഥാനത്തു നിന്ന് കേരള കോൺഗ്രസ് പ്രതിനിധിയായ വി.ടി.ജോസഫിനെ മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി.

കേരള കോൺഗ്രസ് ജോസ് വിഭാഗം ഉന്നതാധികാരസമിതിയംഗമാണ് വി.ടി.ജോസഫ്.യു.ഡി.എഫിലെ ധാരണ പ്രകാരമാണ് ഭരണത്തിലെ അവസാന വർഷം കേരള കോൺഗ്രസിന് ചെയർമാൻ സ്ഥാനം നൽകിയത്.35 അംഗ കൗൺസിലിൽ കോൺഗ്രസിന് 16 അംഗങ്ങളാണുള്ളത്.കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ രണ്ടും ഒരു സ്വതന്ത്റ അംഗത്തിന്റെയും പിന്തുണയിലാണ് ഭരണം.സി.പി.എം 10,മൂന്നു സി.പി.ഐ,കോൺഗ്രസ് എസ് ഒന്ന് ഉൾപെടെ എൽ.ഡി.എഫിന് 14ഉം. ബി.ജെ.പിക്ക് രണ്ടംഗങ്ങളുമാണുള്ളത്.

കേരളാ കോൺഗ്രസ് മാ​റ്റത്തോടെ എൽ.ഡി.എഫിനും യു.ഡി.എഫിനും 16 അംഗങ്ങളുടെ പിന്തുണയായി.സ്വതന്ത്റ അംഗത്തിന്റെ പിന്തുണ ഇരുവിഭാഗവും അവകാശപ്പെടുന്നുണ്ട്.

രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ കോൺഗ്രസ് പിന്തുണയോടെ നേടിയ ചെയർമാൻ സ്ഥാനം വി.ടി.ജോസഫ് രാജിവെക്കണമെന്ന് നഗരസഭ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.ഉണ്ണികൃഷ്ണനും സെക്രട്ടറി ബി.ഭാസിയും,ഡി.സി.സി ജനറൽ സെക്രട്ടറി സി.ഡി.ശങ്കറും ആവശ്യപെട്ടു.

നാലുവർഷം കേരളാ കോൺഗ്രസിന്റെ പിന്തുണയിൽ അധികാരത്തിൽ തുടർന്ന കോൺഗ്രസിന് ചെയർമാന്റെ രാജി ആവശ്യപ്പെടാൻ ധാർമ്മിക അവകാശമില്ല.പുതിയ തിരഞ്ഞെടുപ്പുകൾക്ക് നിയമപരമായ സമയമില്ലാത്തതിനാൽ ഇനി രാജിയുടെ ആവശ്യമില്ല.

എൻ.ആർ.ബാബുരാജ്.

എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ


ഇരു മുന്നണികളുടെയും തട്ടിപ്പു രാഷ്ട്രീയമാണ് നഗരസഭയിൽ തെളിയുന്നത്. മാന്യതയുണ്ടെങ്കിൽ ചെയർമാൻ രാജിവെക്കണം.

ഡി.ജ്യോതിഷ് ഭട്ട്

ബി.ജെ.പി കൗൺസിലർ

യു.ഡി.എഫിന്റെ ഭാഗമായിരുന്നപ്പോഴാണ് ചെയർമാനായത്.കേരളാ കോൺഗ്രസ് പിന്തുണയിലാണ് ആദ്യ നാലുവർഷവും യു.ഡി.എഫ് ഭരിച്ചതെന്ന യാഥാർത്ഥ്യം മറക്കരുത്.കൗൺസിലിന് 27 ദിവസം മാത്രമാണ് അവശേഷിക്കുന്നത്.

വി.ടി.ജോസഫ്

മുനിസിപ്പൽ ചെയർമാൻ

നവംബർ 11

നവംബർ 11 വരെയാണ് ഇപ്പോഴത്തെ ഭരണ സമിതിയുടെ കാലാവധി. ഇതിനുള്ളിൽ

നിലവിലെ ചെയർമാനെതിരെ അവിശ്വാസം കൊണ്ടുവരാൻ കഴിയില്ല.